ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്: ആദ്യം ലക്ഷ്യമിട്ടത് അമീർ ഖാനെ, ലക്ഷ്യം മാറ്റിയത് ഒരു കാരണത്താൽ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഘം ആദ്യം ലക്ഷ്യംവെച്ചിരുന്നത് നടൻ അമീർ ഖാനെ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ. അമീർ ഖാനെ സമീപിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതികൾ ലക്ഷ്യം മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ടൈഗർ ഷ്റോഫിന്റെ യാത്രാരീതികളും നീക്കങ്ങളും കാരണം അദ്ദേഹത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിച്ചതിനാലാണ് പ്രതികൾ ഷ്രോഫിനെ തെരഞ്ഞെടുത്തത്.
അക്രമിസംഘം അമീർ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഏകദേശം ഒരു മാസത്തോളം മുംബൈയിൽ ചെലവഴിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രതികൾ അമീർ ഖാന്റെ വീടിന്റെ പരിസരത്ത് കുറഞ്ഞത് മൂന്ന് തവണയെങ്കിലും എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, സിനിമ ചിത്രീകരണങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ഇടക്കിടെയുള്ള യാത്രകളും ദീർഘനേരം വീട്ടിൽ തന്നെ കഴിയുന്ന രീതിയും കാരണം അദ്ദേഹത്തെ സമീപിക്കാൻ പ്രതികൾക്ക് പ്രയാസമായിരുന്നു.
തുടർന്നാണ് പ്രതികൾ ശ്രദ്ധ ടൈഗർ ഷ്റോഫിലേക്ക് മാറ്റിയത്. മിക്ക ഞായറാഴ്ചകളിലും ജുഹു പാരക്കിൽ അദ്ദേഹം ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. ഇതേ സ്ഥലത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്ന് ജൂലൈയിൽ അമീർ ഖാന് ലഭിച്ച ഭീഷണികളുമായി ഈ പദ്ധതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
സംഘം നടൻ റൺബീർ കപൂറിനെയും ലക്ഷ്യം വെച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതികൾ രക്ഷപ്പെടുന്നതിനിടയിൽ നിർദേശങ്ങളും വിവരങ്ങളും നൽകിയ സംഘത്തെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. മുംബൈയിലെ ജുഹുവിൽ ഒക്ടോബർ 18നായിരുന്നു വെടിവെപ്പ് നടന്നത്.
ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ രണ്ടാളുകൾ പലതവണ വെടിയുതിർക്കുകയായിരുന്നു. അഞ്ച് മുതൽ ആറ് റൗണ്ട് വരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. ടൈഗർ ഷ്റോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പിന്നീട് അന്ധേരിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
തുടർന്ന് സൂറത്തിൽ നിന്ന് രണ്ട് തോക്കുകളും 10 തോട്ടകളും അന്വേഷണ സംഘം കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തോട്ടകളുമായി ഇവ ഒത്തുനോക്കുന്നതിനായി ആയുധങ്ങൾ ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്.









0 comments