print edition തട്ടിപ്പിന് ‘ഹെയർ കട്ട് ’: എസ്‌ബിഐക്ക് നഷ്ടം ലക്ഷം കോടി

ന്യൂഡൽഹി: ഒമ്പതുവർഷത്തിനിടെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) വഴി കിട്ടാക്കടം തീർപ്പാക്കിയപ്പോൾ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എസ്‌ബിഐയ്ക്ക് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം. ഒന്നര ലക്ഷം കോടിയുടെ വായ്‌പാക്കൊള്ളയ്ക്ക് സമ്മാനിച്ച ‘ഹെയർ കട്ട്’ ഇളവിനുശേഷം ബാങ്കിന് തിരിച്ചുകിട്ടിയത് 49,727 കോടി രൂപ മാത്രം. 67 ശതമാനമാണ് കോർപറേറ്റുകൾക്ക് നൽകിയ ഇളവ്. വിവരാവകാശ മറുപടിയിലാണ് ‘ഹെയർ കട്ട്' വിശദാംശങ്ങൾ ബാങ്ക് നൽകിയത്. എന്നാൽ വൻനഷ്ടം വരുത്തിയ കോർപറേറ്റുകളുടെ വിവരം വെളിപ്പെടുത്തിയില്ല.
നൂറു കോടിയിലേറെ കിട്ടാക്കടമുള്ള എസ്‌ബിഐയുടെ 309 വൻകിട വായ്‌പാ അക്കൗണ്ടുകളാണ് 2017–18 മുതൽ 2025–26 വരെ എൻസിഎൽടിയിൽ എത്തിയത്. ഇൗ അക്കൗണ്ടുകളിലായി 1,49,895 കോടി രൂപയായിരുന്നു ലഭിക്കേണ്ടത്. എന്നാൽ വൻകിട കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭൂരിഭാഗം കേസും തീർപ്പാക്കി. 2017–18 മുതൽ 2025–26 വരെ കോർപറേറ്റുകളുടെ 1,51,857 കോടി രൂപയാണ് എഴുതിത്തള്ളിയത്. 86 ശതമാനം കിട്ടാക്കടവും തിരിച്ചുപിടിക്കാനായില്ല. 2019–20ൽ മാത്രം 46,348 കോടി രൂപ എഴുതിത്തള്ളി. 2018–19ൽ നൽകിയ 27,225 കോടിയിൽ തിരിച്ചുപിടിച്ചത് 1811 കോടി മാത്രം.
2018–19ൽ, 34 അക്കൗണ്ടിലായി 48,425 കോടി രൂപയുടെ കിട്ടാക്കടം തീർപ്പാക്കി. എസ്‌ബിഐക്ക് കിട്ടിയത് 26,402 കോടി മാത്രം. 22,023 കോടി രൂപ നഷ്ടം. 2021–22ൽ 40 അക്കൗണ്ടിലായി 22,408 കോടി രൂപയുടെ കടം തീർപ്പാക്കിയപ്പോൾ ബാങ്കിന് കിട്ടിയത് 5,337 കോടി. ‘ഹെയർ കട്ട്’ 76 ശതമാനം. 2025–26ൽ 4928 കോടി രൂപയുടെ വായ്‌പാക്കൊള്ള തീർപ്പാക്കിയപ്പോൾ തിരിച്ചുകിട്ടിയത് 1,348 കോടി രൂപ. 3580 കോടി രൂപ നഷ്ടം.










0 comments