'ഡിജിറ്റൽ അറസ്റ്റ്' തകർത്ത് 81കാരൻ; വയോധികന്റെ ഇടപെടലിൽ രക്ഷപ്പെട്ടത് മകനും മരുമകളും

പ്രതീകാത്മക ചിത്രം
പൂനെ: മകനെയും മരുമകളെയും ഭീഷണിപ്പെടുത്തി 'ഡിജിറ്റൽ അറസ്റ്റിൽ' പാർപ്പിച്ചു പണം തട്ടാനുള്ള സൈബർ മാഫിയയുടെ നീക്കം പൊളിച്ച് 81കാരൻ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഏപ്രിൽ 19-ന് രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
കെമിക്കൽ എഞ്ചിനീയറായ മകനെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ, തങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചു. മകന്റെ പേരിൽ വന്ന പാഴ്‌സലിൽ അഞ്ച് പാസ്‌പോർട്ടുകളും മയക്കുമരുന്നും കണ്ടെത്തിയെന്നും വലിയ കുറ്റകൃത്യമാണിതെന്നും ഇവർ ഭീഷണിപ്പെടുത്തി. ആരോപണം നിഷേധിച്ചെങ്കിലും "ഉന്നതതല അന്വേഷണം" വേണമെന്ന് പറഞ്ഞ് മാഫിയ സംഘം ദമ്പതികളെ മാനസിക സമ്മർദ്ദത്തിലാക്കി.
തുടർന്ന് സിഗ്നൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ദമ്പതികളെ വീഡിയോ കോളിൽ വരുത്തി. പൊലീസ് യൂണിഫോം ധരിച്ചെത്തിയ തട്ടിപ്പുകാരൻ തങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്നും' വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബാങ്ക് വിവരങ്ങളും ആധാർ വിവരങ്ങളും കൈക്കലാക്കാൻ ശ്രമിച്ച സംഘം, കേസ് ഒതുക്കാൻ 12 ലക്ഷം രൂപ ആവശ്യപ്പെട്ടു.
മകന്റെ പരിഭ്രമവും അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട 81-കാരനായ പിതാവ് കാര്യം തിരക്കിയതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. സൈബർ തട്ടിപ്പിന്റെ രീതി തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. ഇതോടെ സൈബർ കൊള്ളക്കാർ പിൻവാങ്ങുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം 'ഡിജിറ്റൽ അറസ്റ്റ്' രീതികൾ നിലവിലില്ലെന്നും യൂണിഫോം ധരിച്ചെത്തുന്ന വ്യാജന്മാരെ വിശ്വസിക്കരുതെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ ബന്ധം വിച്ഛേദിക്കണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments