20 ദിവസം കൂടി നല്‍കാനുള്ള ധൈര്യം മോഡിസര്‍ക്കാരിനില്ല; മാറ്റം റഫേൽ അന്വേഷണം ഭയന്ന‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2019, 06:58 PM | 0 min read

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ അലോക‌് വർമയ‌്ക്ക‌് സിബിഐയിൽ 20 ദിവസംകൂടി നൽകാനുള്ള ധൈര്യം മോഡിസർക്കാരിനില്ല. ഈമാസം 31ന‌് വിരമിക്കാനിരിക്കുന്ന അലോക‌് വർമ സിബിഐ ഡയറക്ടർ സ്ഥാനത്തുണ്ടെങ്കിൽ റഫേൽ യുദ്ധവിമാന ഇടപാടിലെ കള്ളക്കളികൾ പുറത്തുവരും. ആ 20 ദിവസത്തെ സർവീസ‌് പോലും മോഡിസർക്കാർ ഭയക്കുന്നുവെന്നതിന്റെ ഉദാഹരണമാണ‌് അലോക‌് വർമയെ സിബിഐ മേധാവിസ്ഥാനത്തുനിന്ന‌്‌ വീണ്ടും നീക്കിയ നടപടി. കഴിഞ്ഞവർഷം ഒക്ടോബർ 23ന‌് അർധരാത്രി അലോക‌് വർമയെ സിബിഐ തലപ്പത്തുനിന്ന‌് മാറ്റിയത‌് അദ്ദേഹം റഫേൽ കേസിൽ അന്വേഷണത്തിന‌് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ‌്. അർധരാത്രിതന്നെ പുതിയ മേധാവി ചുമതലയേൽക്കുകയും ചെയ‌്തു. അന്നുതന്നെ ഇന്റലിജൻസ‌് ബ്യൂറോ ഉദ്യേ‌ാഗസ്ഥർ സിബിഐ ആസ്ഥാനത്തുനിന്ന‌് ഫയലുകൾ കടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രശാന്ത‌് ഭൂഷൺ, അരുൺ ഷൂരി, യശ്വന്ത‌് സിൻഹ എന്നിവർ റഫേൽ ഇടപാടിന്റെ വിശദമായ രേഖകൾ സഹിതം സിബിഐക്ക‌് പരാതി നൽകിയിരുന്നു. തുടർന്ന‌് റഫേൽ ഇടപാടിനെക്കുറിച്ച‌് അലോക‌് വർമ പ്രതിരോധമന്ത്രാലയത്തോട‌്  വിശദീകരണവും തേടി. ഇതിന്റെ അപകടം മനസ്സിലാക്കിയാണ‌് ദേശീയസുരക്ഷ ഉപദേഷ്ടാവ‌് അജിത‌് ഡോവലിന്റെ നേതൃത്വത്തിൽ അലോക‌് വർമയെ പുറത്താക്കാൻ പദ്ധതി ആവിഷ‌്കരിച്ച‌് നടപ്പാക്കിയത‌്. റഫേൽ വിമാനത്തിന്റെ വിലനിർണയ ചർച്ചകളിൽ നിയമവിരുദ്ധമായി ഡോവലും ഇടപെട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.

അലോക‌് വർമയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ‌്തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ‌് സിബിഐ തലപ്പത്ത‌് അവരോധിച്ചത‌്. ചുമതലയേറ്റയുടൻ റാവു നടപ്പാക്കിയത‌് കൂട്ടസ്ഥലംമാറ്റമാണ‌്. അലോക‌് വർമയുമായി അടുപ്പം പുലർത്തിയ എല്ലാ ഉദ്യോഗസ്ഥരെയും രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക‌് മാറ്റി.  ആൻഡമാനിലേക്ക‌ുപോലും സ്ഥലംമാറ്റി. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശർമ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുപ്രീംകോടതിയിൽ  നൽകിയ ഹർജിയിൽ കേന്ദ്രമന്ത്രിമാർക്കെതിരെ ഉൾപ്പെടെ ആരോപണം ഉയർത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ എതിരാളികളെ സിബിഐയെ ഉപയോഗിച്ച‌് വേട്ടയാടാനുള്ള ശ്രമങ്ങളെ ചെറുക്കാനും അലോക‌് വർമ തയ്യാറായിരുന്നു.

എന്നാൽ, ബിജെപിയുടെ വിശ്വസ‌്തനായ രാകേഷ‌് അസ‌്താനയെ സ‌്പെഷ്യൽ ഡയറക്ടറായി നിയമിച്ച‌് രാഷ്ട്രീയസർക്കാർ അജൻഡ നടപ്പാക്കുകയാണ‌് മോഡിസർക്കാർ ചെയ‌്തത‌്. അസ‌്താനയ‌്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അലോക‌് വർമ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരിച്ചുവന്ന അലോക‌് വർമ സിബിഐ ആസ്ഥാനത്ത‌് വീണ്ടും  അഴിച്ചുപണിക്ക‌് ഉത്തരവിട്ടിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന‌് കസേര നഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

Home