ad
Deshabhimani

പ്രതിഷേധത്തിൽ പാർലമെന്റ‌് സ‌്തംഭിച്ചു ; ഭിന്നശേഷി ക്ഷേമം നിയമഭേദഗതിബിൽ പാസാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2018, 08:46 PM | 0 min read

ന്യൂഡൽഹി
ജനകീയവിഷയങ്ങളും കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങളും  ഉന്നയിക്കാൻ അവസരം നിഷേധിച്ചതിനെത്തുടർന്ന‌് പാർലമെന്റ‌്  പ്രതിഷേധത്തിൽ മുങ്ങി. നടപടികൾ സാധ്യമാകാതെ മിനിറ്റുകൾക്കുള്ളിൽ ലോക‌്സഭാ പിരിഞ്ഞു. ബഹളത്തിനിടയിൽ രാജ്യസഭ ഭിന്നശേഷിക്കാരുടെ ക്ഷേമം സംബന്ധിച്ച നിയമഭേദഗതിബിൽ പാസാക്കി.

റഫേൽ അഴിമതി, സിബിഐയിലും റിസർവ‌് ബാങ്കിലും കേന്ദ്രസർക്കാർ ഇടപെടൽ, വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം, വിലക്കയറ്റം, പ്രളയദുരിതാശ്വാസത്തിൽ കേരളത്തോടുള്ള അവഗണന എന്നിവ ഉന്നയിച്ച‌് പ്രതിപക്ഷ അംഗങ്ങൾ ലോക‌്സഭയിൽ അടിയന്തരപ്രമേയത്തിന‌് നോട്ടീസ‌് നൽകി. ഈ വിഷയങ്ങളിൽ ചർച്ചയാകാമെന്ന‌് സ‌്പീക്കർ വിളിച്ച യോഗത്തിലും സർവകക്ഷിയോഗത്തിലും സർക്കാർ സമ്മതിച്ചിരുന്നു.

എന്നാൽ, ബുധനാ‌ഴ‌്ച  സഭ ചേർന്നപ്പോൾതന്നെ പ്ലക്കാർഡുകളുമായെത്തിയ ശിവസേന അംഗങ്ങൾ രാമക്ഷേത്രനിർമാണം ഉടൻ ആരംഭിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബഹളം തുടങ്ങി.  കേരളത്തോടുള്ള അവഗണന ഉന്നയിച്ച‌് പി കരുണാകര(സിപിഐ എം)നും , റഫേൽ അഴിമതിയിൽ മല്ലികാർജുൻ ഖാർഗെ(കോൺഗ്രസ‌്) യും അടിയന്തരപ്രമേയ നോട്ടീസുകളിൽ ചർച്ച ആവശ്യപ്പെട്ടു. എന്നാൽ സ‌്പീക്കർ ഇതിനോട‌് പ്രതികരിച്ചില്ല. ഇതോടെ സഭ പ്രക്ഷുബ്ധമായി. കർണാടകത്തിൽനിന്ന‌് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി എസ‌് ഉഗ്രപ്പ (കോൺഗ്രസ‌്),  എൽ ആർ ശിവരാമ ഗൗഡ (ജെഡിഎസ‌്) എന്നിവർ  സത്യപ്രതിജ്ഞ ചെയ‌്തു.

റഫേൽ ഇടപാടിനെക്കുറിച്ച‌്  പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങാത്തതിനാൽ രാജ്യസഭയും  സ‌്തംഭിച്ചു. കേരളത്തിലെ പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്ക‌് ആവശ്യമായ സഹായം കേന്ദ്രം നൽകാത്തതിനെക്കുറിച്ച‌്  ചർച്ച ആവശ്യപ്പെട്ട‌് കെ  കെ രാഗേഷ‌് (സിപിഐ എം), ബിനോയ‌് വിശ്വം (സിപിഐ) എന്നിവർ നോട്ടീസ‌് നൽകിയിരുന്നു.
കേരളത്തിന‌് അർഹമായ പ്രളയദുരിതാശ്വാസം അനുവദിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച‌് സംസ്ഥാനത്തുനിന്നുള്ള എംപിമാർ വ്യാഴാഴ‌്ച  പാർലമെന്റ‌് കവാടത്തിൽ ധർണ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home