കോൺഗ്രസിന്റെ മൃദുഹിന്ദുത്വം പാളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2018, 06:13 PM | 0 min read

ന്യൂഡൽഹി > ഭരണവിരുദ്ധ വികാരം ശക്തമായ രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച വിജയം നേടാനാകാതെ പോയത‌് കോൺഗ്രസിന‌് ക്ഷീണമായി. ഛത്തീസ‌്ഗഢിൽ മികച്ച വിജയം നേടിയെങ്കിലും മിസോറം നഷ്ടമായതും തെലങ്കാനയിൽ ദയനീയമായി തോറ്റതും കോൺഗ്രസിന‌് തിരിച്ചടിയാണ‌്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട‌് നേരിടുകയെന്ന തന്ത്രം മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന‌് പാളി.

ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മാസങ്ങൾമാത്രം ശേഷിക്കെ നിയമസഭാ തെരഞ്ഞെടുപ്പ‌് ഫലം കോൺഗ്രസിന‌് വലിയ പാഠമാണ‌്. ഛത്തീസ‌്ഗഢിൽ മാത്രമാണ‌് പ്രതീക്ഷയ‌്ക്കൊത്ത വിജയം കോൺഗ്രസ‌് നേടിയത‌്. ഗ്രൂപ്പുതർക്കങ്ങളൊന്നും കൂടാതെ ചിട്ടയായ പ്രചാരണപ്രവർത്തനം ഛത്തീസ‌്ഗഢിൽ കോൺഗ്രസ‌് കാഴ‌്ചവച്ചിരുന്നു. മോഡി സർക്കാരിന്റെ വീഴ‌്ചകളും സംസ്ഥാനത്തെ രമൺസിങ‌് സർക്കാരിന്റെ അഴിമതികളും കോൺഗ്രസ‌് പ്രചാരണവിഷയങ്ങളാക്കി. ജനസംഖ്യയിൽ അമ്പതു ശതമാനത്തിലധികവും എസ‌്സി–-എസ‌്ടി വിഭാഗക്കാരായ ഛത്തീസ‌്ഗഢിൽ വർഗീയതയിൽ ഊന്നിയുള്ള പ്രചാരണവുമുണ്ടായില്ല. അജിത‌് ജോഗി–- ബിഎസ‌്പി സഖ്യം കോൺഗ്രസിന‌് ക്ഷീണംചെയ്യുമെന്നാണ‌് പൊതുവിൽ വിലയിരുത്തപ്പെട്ടതെങ്കിലും മൂന്നാംമുന്നണിയുടെ വരവ‌് ബിജെപിയെയാണ‌് ദുർബലപ്പെടുത്തിയത‌്. ആകെയുള്ള 25 സംവരണ സീറ്റിൽ 20ഉം കോൺഗ്രസ‌് ജയിച്ചതിൽ നിന്നുതന്നെ ഇത‌് വ്യക്തം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റിൽ 18 ഇടത്ത‌് ബിജെപിയ‌്ക്കായിരുന്നു വിജയം.

ബിജെപിയുടെ ഭരണവൈകല്യങ്ങൾ ഉയർത്തി ഛത്തീസ‌്ഗഢിൽ പ്രചാരണം നടത്തിയ കോൺഗ്രസ‌് രാജസ്ഥാനിലും മധ്യപ്രദേശിലും മൃദുഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രചാരണമാണ‌് നയിച്ചത‌്. രാഹുൽഗാന്ധി ശിവഭക്തനായി മധ്യപ്രദേശിൽ അവതരിപ്പിക്കപ്പെട്ടു. കൈലാസ പർവ്വതം പശ്ചാത്തലമായ രാഹുലിന്റെ പോസ‌്റ്ററുകളായിരുന്നു മധ്യപ്രദേശിലെമ്പാടും പതിച്ചത‌്. പ്രകടനപത്രികയാകട്ടെ മുഖ്യമായും പശുസംരക്ഷണത്തിൽ ഊന്നിയുള്ളതും. ശിവ‌്‌രാജ‌്സിങ‌് ചൗഹാൻ സർക്കാരിന്റെ ഭരണവൈകല്യങ്ങൾ വേണ്ടവിധം വോട്ടർമാരിലേക്ക‌് എത്തിക്കാൻ കോൺഗ്രസിനായില്ല. മന്ദ‌്സോറിലെയും മറ്റും കർഷക പ്രക്ഷോഭങ്ങളെ മുൻനിർത്തിയുള്ള പ്രചാരണത്തിന‌് കോൺഗ്രസ‌് താൽപ്പര്യമെടുത്തുമില്ല.

രാജസ്ഥാനിലും കോൺഗ്രസിന്റെ പ്രചാരണരീതി ഏറെക്കുറെ സമാനമായിരുന്നു. ഭരണവിരുദ്ധവികാരം ഏറ്റവും ശക്തമായ സംസ്ഥാനം രാജസ്ഥാനായിരുന്നു. വസുന്ധര രാജെയ‌്ക്കെതിരായ ജനവികാരം തങ്ങളെ എളുപ്പത്തിൽ അധികാരത്തിലെത്തിക്കുമെന്ന‌് കോൺഗ്രസ‌് പ്രതീക്ഷിച്ചു. ഇത‌് സൃഷ്ടിച്ച അലസത പ്രചാരണത്തിൽ പ്രതിഫലിച്ചു. സിപിഐ എം അടക്കമുള്ള മറ്റ‌് പ്രതിപക്ഷ പാർടികളാണ‌് ബിജെപി സർക്കാരിന്റെ കർഷക–-യുവജന ദ്രോഹനയങ്ങൾ തുറന്നുകാട്ടിയത‌്. പലയിടത്തും ഈ പ്രചാരണത്തിന്റെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞതാണ‌് രാജസ്ഥാനിൽ കോൺഗ്രസിനെ തുണച്ചത‌്.
വർഗീയതയുടെ കാര്യത്തിൽ ബിജെപിയെ വെല്ലുവിളിക്കാൻ തങ്ങൾക്കാകുമോയെന്ന ചോദ്യമാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക‌് നീങ്ങുന്ന ഘട്ടത്തിൽ കോൺഗ്രസ‌് അഭിമുഖീകരിക്കുന്ന ചോദ്യം.

മൃദുഹിന്ദുത്വ നയം കോൺഗ്രസിന‌് ഗുണം ചെയ്യില്ലെന്ന‌് രാജസ്ഥാൻ, മധ്യപ്രദേശ‌് ഫലങ്ങൾ തെളിയിക്കുന്നു.  മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടിയുള്ള പ്രചാരണമാകും മുഖ്യപ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന‌് പ്രയോജനപ്പെടുക. ബിജെപിയെ മുഖാമുഖം നേരിടുമ്പോൾ കോൺഗ്രസ‌് പലപ്പോഴും പതറുന്നുവെന്നതിന‌് തെളിവായിക്കൂടി രാജസ്ഥാൻ, മധ്യപ്രദേശ‌് ഫലങ്ങളെ കാണാം. ബിഎസ‌്പി അടക്കമുള്ള കക്ഷികളുമായി ഈ രണ്ട‌് സംസ്ഥാനത്തും  സഖ്യത്തിന‌് ശ്രമിച്ചിരുന്നെങ്കിൽ ഇത്രയധികം വിയർക്കേണ്ടി വരില്ലായിരുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ‌്ക്കെതിരായി മതേതര പാർടികളുടെ കൂട്ടായ്മയുടെ അനിവാര്യത കൂടിയാണ‌് നിയമസഭാ തെരഞ്ഞെടുപ്പ‌് ഫലങ്ങൾ വരച്ചിടുന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Home