‘ചലോ ഡൽഹി’ മാർച്ച‌് : മോഡി സർക്കാരിനെതിരെ യുവജനരോഷമിരമ്പി

ന്യൂഡൽഹി
തൊഴിൽരഹിതരായ കോടിക്കണക്കിന‌് യുവജനങ്ങളുടെ പ്രതിനിധികളായെത്തിയ സമരവളന്റിയർമാരുടെ പ്രതിഷേധാഗ്നി രാജ്യതലസ്ഥാനത്ത‌് ആളിക്കത്തി. ഡിവൈഎഫ‌്ഐയുടെ ‘ചലോ ഡൽഹി’ പ്രതിഷേധമാർച്ച‌് മോഡി സർക്കാരിനുള്ള ശക്തമായ താക്കീതായി. പ്രതിവർഷം രണ്ട‌് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന‌് വാഗ‌്ദാനംചെയ‌്ത ബിജെപി സർക്കാരിനോട‌് ‘എവിടെ ഞങ്ങളുടെ തൊഴിൽ?’ എന്ന ചോദ്യം ഉന്നയിച്ചാണ‌് ഡിവൈഎഫ‌്ഐ സ്ഥാപകദിനത്തിൽ യുവജനമാർച്ച‌് സംഘടിപ്പിച്ചത‌്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന‌് യുവതീയുവാക്കൾ അണിനിരന്നു. ഡൽഹി മണ്ഡിഹൗസിൽനിന്ന‌് പാർലമെന്റ‌് സ‌്ട്രീറ്റിലേക്ക‌് സംഘടിപ്പിച്ച മാർച്ച‌് സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരായ യുവജനരോഷമായി.
കോർപ്പറേറ്റുകൾക്ക‌് ലക്ഷം കോടികളുടെ ഇളവുകൾ അനുവദിക്കുന്ന മോഡി സർക്കാർ രാജ്യത്തെ കോടിക്കണക്കിന‌് യുവജനങ്ങളുടെ ജീവിതപ്രശ‌്നങ്ങൾ അവഗണിക്കുകയാണെന്ന‌് മാർച്ചിനെ അഭിവാദ്യംചെയ‌്ത‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. യുവജനങ്ങളാണ‌് ഭാവിയുടെ വാഗ‌്ദാനമെന്ന സത്യം സൗകര്യപൂർവം വിസ‌്മരിച്ച സർക്കാരാണ‌് അധികാരത്തിലുള്ളത‌്. അർഹതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന യുവജനങ്ങളുടെ അവകാശം നിഷേധിക്കുന്ന സർക്കാരിന‌് അധികാരത്തിൽ തുടരാൻ അർഹതയില്ല. അനശ്വരരക്തസാക്ഷിയായ ഭഗത‌്സിങ്ങിനെ തടവിലിട്ട പൊലീസ‌് സ‌്റ്റേഷൻ സ്ഥിതി ചെയ്യുന്ന പാർലമെന്റ‌് സ‌്ട്രീറ്റിൽ, ആയിരക്കണക്കിന് യുവജനങ്ങൾ സർക്കാരിനെതിരെ അണിനിരന്നത‌് അധികാരം കൈയാളുന്നവർക്കുള്ള ശക്തമായ താക്കീതാണെന്നും യെച്ചൂരി പറഞ്ഞു.
തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചത‌് കണക്കുകൾ സഹിതം സാക്ഷ്യപ്പെടുത്തുന്ന ‘കോംപ്രമൈസിങ‌് ഇന്ത്യാസ‌് ഫ്യൂച്ചെർ’- ലഘുലേഖ ഡിവൈഎഫ‌്ഐ ജനറൽ സെക്രട്ടറി അവോയ‌് മുഖർജിക്ക‌് നൽകി പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌് പ്രകാശനംചെയ‌്തു. സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗങ്ങളായ മുഹമ്മദ‌് സലീം, നീലോൽപ്പൽബസു, അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ‌്‌ളെ, കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ‌് സെക്രട്ടറി സുനീത‌്ചോപ്ര, ഡിവൈഎഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം സ്വരാജ‌്, നിതിൻ കണിച്ചേരി, എ എ റഹീം, എസ‌് സതീഷ‌്, വി പി റെജീന, പ്രീതി ശേഖർ, സായൻദീപ‌് മിശ്ര, എം സുര്യറാവു, അമൽ ചക്രവർത്തി, ദീപ, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ‌് ബിശ്വാസ‌് തുടങ്ങിയവരും സംസാരിച്ചു.








0 comments