റഫേൽ യുദ്ധവിമാന ഇടപാട‌് : അഴിമതിച്ചങ്ങാത്തത്തിന്റെ ആകാശക്കാഴ‌്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2018, 07:41 PM | 0 min read

ഇന്ത്യ കണ്ട വലിയ അഴിമതികളിൽ ഒന്നായി മാറിയിരിക്കുന്നു റഫേൽ യുദ്ധവിമാന ഇടപാട‌്. രാജ്യരക്ഷയുടെ പേരിൽ രാജ്യത്തെ കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊയ‌്മുഖമാണ‌് തകർന്നുവീഴുന്നത‌്. അനിൽ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനികളെ ജനങ്ങളുടെ പണംകൊണ്ട‌് രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു റഫേൽ  ഇടപാടെന്ന‌് അനുദിനം വ്യക്തമാകുകയാണ‌്. വെളിപ്പെടുത്തലുകൾക്കു മുന്നിൽ മറുപടിയില്ലാതെ പകച്ചുനിൽക്കുന്നു കേന്ദ്രസർക്കാർ. വാതുറന്നുരിയാടാതെ പ്രധാനമന്ത്രിയും.
റഫേൽ ഇടപാടിലെ അഴിമതി തുറന്നുക്കാട്ടുന്ന അന്വേഷണ പരമ്പര. തയ്യാറാക്കിയത‌് ഡൽഹി ബ്യൂറോ ചീഫ‌് സാജൻ എവുജിൻ


ഒരു റഫേൽ വിമാനത്തിന്റെ വില എത്രയാണ‌്? ഉത്തരം നിസാരമായി പറയാവുന്നതാണ‌്. എന്നാൽ, മോഡിസർക്കാർ ഈ ചോദ്യത്തിന‌് ഉത്തരം നൽകിയിട്ടേയില്ല. കാര്യങ്ങൾ അത്ര നിസാരമല്ലെന്ന‌് സാരം. യുപിഎ ഭരണകാലത്ത‌് റഫേൽ ഇടപാട‌് കരാറിന്റെ വക്കിൽ എത്തിയതാണ‌്. അന്ന‌് 527 കോടി രൂപയാണ‌് ഒരു വിമാനത്തിന‌് വിലയിട്ടത‌്. 126 വിമാനങ്ങൾ വാങ്ങാനായിരുന്നു ടെണ്ടർ ക്ഷണിച്ചത‌്.  മോഡി സർക്കാരിന്റെ കരാർ 59,000 കോടി രൂപയുടേതാണെന്ന‌് പ്രതിരോധമന്ത്രിയും ഫ്രഞ്ച‌് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട‌്. വാങ്ങുന്നത‌് 36 വിമാനങ്ങൾ, അങ്ങനെ കണക്കുകൂട്ടിയാൽ ഒരു വിമാനത്തിന‌് 1640 കോടിയോളം രൂപയാകും. മുൻ ധാരണയും ടെൻഡറും പൊളിച്ചെഴുതിയ നരേന്ദ്രമോഡിയുടെ ഇടപാടിലൂടെ കരാറിനായി 30,000 കോടിയിൽപരം രൂപയാണ‌് അധികം നൽകുന്നത‌്. ഇതിന്റെ ഗുണഭോക്താവ‌് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ‌് ഗ്രൂപ്പാണ‌്.  

ചരിത്രം
റിലയൻസ‌് സ്ഥാപകൻ ധീരുഭായ‌് അംബാനി  2002ൽ മരിച്ചശേഷം, മക്കളായ മുകേഷ‌് അംബാനിയും അനിൽ  അംബാനിയും തമ്മിൽ സ്വത്ത‌് തർക്കം രൂക്ഷമായപ്പോൾ അമ്മ കോകില ഇടപെട്ട‌് ഒത്തുതീർപ്പാക്കി. ഇതനുസരിച്ച‌് ടെലികോം, ഊർജം, പ്രകൃതിവിഭവങ്ങൾ, ധനകാര്യം എന്നീ മേഖലകളിലെ കമ്പനികൾ ഇളയമകൻ അനിലിന‌് ലഭിച്ചു. മുകേഷും ഭാര്യ നിതയും ബിസിനസ്സിൽ ശ്രദ്ധാപൂർവം കരുനീക്കിയപ്പോൾ അനിലും മുൻ ബോളിവുഡ‌് നടിയായ ഭാര്യ ടീനയും പല കാര്യങ്ങളിലും ജാഗ്രത കാട്ടിയില്ല. 2013﹣14 സാമ്പത്തികവർഷത്തോടെ അനിലിന്റെ കടം പെരുകി. ബാധ്യത തീർക്കാൻ ആസ‌്തികൾ വിൽക്കാൻ തുടങ്ങി. റിലയൻസ‌് ഗ്രൂപ്പിന്റെ സിമന്റ‌് കമ്പനി 2016ൽ എതിരാളികളുടെ നിയന്ത്രണത്തിലായി.

റിലയൻസ‌് പവറിന്റെ ഓഹരിമൂല്യം 2017ൽ വിപണിപ്രവേശനസമയത്തെ മൂല്യത്തിന്റെ മൂന്നിലൊന്നിൽ താഴെയായി‌. ഖനനാനുമതിയുള്ള കൽക്കരിയുടെ അളവ‌് കൂട്ടണമെന്ന‌് ആവശ്യപ്പെട്ട‌് റിലയൻസ‌് പവർ കോടതികളിൽ സമർപ്പിച്ച ഹർജികളിൽ കമ്പനിയുടെ കടബാധ്യത വ്യക്തമാക്കിയിട്ടുണ്ട‌്. റിലയൻസ‌് കമ്യൂണിക്കേഷൻസിന്റെ ബാധ്യത 45,000 കോടി രൂപയായി ഉയർന്നതിനെ തുടർന്ന‌് രാജ്യാന്തര ഏജൻസികൾ കഴിഞ്ഞവർഷം ഓഹരിറേറ്റിങ‌് താഴ‌്ത്തി. ഒടുവിൽ റിലയൻസ‌് കമ്യൂണിക്കേഷൻസിന്റെ ആസ‌്തികൾ മുകേഷിന്റെ ജിയോ കമ്പനിക്ക‌് വിൽക്കുമെന്ന‌് അനിൽ പ്രഖ്യാപിച്ചു.

മോഡി സർക്കാർ അധികാരത്തിൽവരുമ്പോൾ അനിലിന്റെ വ്യവസായ സാമ്രാജ്യത്വത്തിന്റെ പതനം തുടങ്ങിയിരുന്നു. 2015 ഏപ്രിലിൽ മോഡി പാരീസിലേക്ക‌് പോയപ്പോൾ കൂടെകൂട്ടിയ കോർപറേറ്റ‌് നേതാക്കളിൽ അനിലുമുണ്ടായിരുന്നു. മോഡി തങ്ങിയ അതേ ഹോട്ടലിൽ അനിലും താമസിച്ചു. അന്ന‌് മോഡിയും ഫ്രഞ്ച‌് പ്രസിഡന്റ‌് ഫ്രാൻസ്വ ഓളന്ദും നടത്തിയ ചർച്ചയ‌്ക്കുശേഷമാണ‌് റഫേൽ കരാറിൽനിന്ന‌് ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക്കൽസ‌് ലിമിറ്റഡ‌്(എച്ച‌്എഎൽ) പുറത്തായത‌്. മൊത്തം 126 വിമാനം വാങ്ങാനാണ‌് നേരത്തെ ധാരണയായിരുന്നത‌്. 18 എണ്ണം ഫ്രാൻസിൽ നിർമിക്കാനും  ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യ കൈമാറ്റത്തോടെ എച്ച‌്എഎൽ നിർമിക്കാനുമായിരുന്നു പ്രാഥമിക ധാരണ.
കമ്പനിക്ക‌് പ്രായം 13 ദിവസം

36 വിമാനം മാത്രമേ വാങ്ങുന്നുള്ളൂവെന്നും ഇവ പൂർണമായി ഫ്രാൻസിൽ നിർമിക്കുമെന്നും മോഡി പാരീസിൽ പ്രഖ്യാപിച്ചു. അക്കൊല്ലം സെപ‌്തംബറിൽ ഇന്ത്യ‐ ഫ്രഞ്ച‌് പ്രതിരോധമന്ത്രിമാർ അന്തിമകരാർ ഒപ്പിട്ടു. കരാർതുകയുടെ പകുതി ഇന്ത്യയിൽ പുനർനിക്ഷേപിക്കണമെന്നും വ്യവസ്ഥചെയ‌്തു. ഈ കരാർ ഒപ്പിടുന്നതിന‌് 13 ദിവസം മുമ്പ‌് മാത്രമാണ‌് റിലയൻസ‌് ഡിഫൻസ‌് എന്ന കമ്പനി അനിൽ രൂപീകരിച്ചത‌്. കരാർ നിലവിൽവന്ന‌് 10 ദിവസത്തിനുശേഷം റിലയൻസ‌് ഡിഫൻസും റഫേൽ നിർമാതാക്കളായ ദസാൾട്ടും ചേർന്ന‌് ദസാൾട്ട‌് റിലയൻസ‌് എയ‌്റോസ‌്പെയ‌്സ‌്  എന്ന സംയുക്തസംരംഭം രൂപീകരിച്ചു. ഇതിൽ ഭൂരിപക്ഷം ഓഹരികളും റിലയൻസിനാണ‌്.

റഫേൽ വിമാനത്തിന്റെ നിർമാണത്തിൽ പങ്കാളിയാകാനുള്ള സാങ്കേതികശേഷിയൊന്നും റിലയൻസ‌് കമ്പനിക്കില്ലെന്ന‌് പ്രതിരോധ വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. റഫേൽ നിർമാണത്തിൽ തങ്ങൾക്ക‌് പങ്കില്ലെന്ന‌് അടുത്തിടെ അനിൽ അംബാനിയും പ്രസ‌്താവന ഇറക്കി. റാഫേൽ വിമാനങ്ങൾ ദസാൾട്ട‌് തന്നെ നിർമിക്കും. എന്നാൽ അനിലിന്റെ കമ്പനികളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ 30,000 കോടിയോളം രൂപയാണ‌് യുദ്ധവിമാന കരാറിന്റെപേരിൽ നൽകുന്നത‌്. ദസാൾട്ട‌് റിലയൻസ‌് എയ‌്റോസ‌്പെയ‌്സിന്റെ നിർമാണകേന്ദ്രത്തിന‌്‌ നാഗ‌്പുരിലെ പ്രത്യേക സാമ്പത്തികമേഖലയിൽ കഴിഞ്ഞവർഷം ശിലയിട്ടു.

രാജ്യരക്ഷയല്ല; റിലയൻസ‌് രക്ഷ
മോഡിയുമായുള്ള പാരീസ‌് യാത്രയ‌്ക്കുശേഷം  പ്രതിരോധ നിർമാണമേഖലയിലേക്ക‌് തന്റെ ഗ്രൂപ്പ‌് നീങ്ങുകയാണെന്ന‌് അനിൽ പ്രഖ്യാപിച്ചു. പ്രതിരോധനിർമാണമേഖലയിലെ വിദഗ‌്ധരുടെ സമ്മേളനവും വിളിച്ചുകൂട്ടി. എന്നാൽ, സാങ്കേതികകാര്യങ്ങളിൽ റിലയൻസ‌് ഡിഫൻസിന‌് പിടിപാടൊന്നുമില്ലെന്ന‌് ബോധ്യമായെന്ന‌് അതിൽ പങ്കെടുത്തവർ പറയുന്നു. രാജ്യരക്ഷപോലും മാനിക്കാതെ റിലയൻസ‌് രക്ഷമാത്രം  മുൻനിർത്തിയാണ‌് റഫേൽ ഇടപാടിന‌് രൂപംനൽകിയതെന്ന‌് ഇതിൽനിന്ന‌് തെളിയുന്നു. റഫേൽ ഇടപാട‌് വഴി ലഭിച്ച നിക്ഷേപമാണ‌് അനിലിന്റെ നിലനിൽപ്പ‌് സാധ്യമാക്കിയത‌്. ഇത‌് മറച്ചുപിടിക്കാൻ മോഡി സർക്കാർ നടത്തുന്ന കള്ളക്കളികൾ വിചിത്രമാണ‌്.
അതേക്കുറിച്ച‌് നാളെ



deshabhimani section

Related News

View More
0 comments
Sort by

Home