അമിതവേഗതയിലെത്തിയ ട്രക്ക് ആളുകൾക്കിടയിലേയ്ക്ക് പാഞ്ഞുകയറി; 7 മരണം

പ്രതീകാത്മക ചിത്രം
റാഞ്ചി: അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 7 പേർ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണ സംഭവം. പാക്കോ ദേവി, കാസില ദേവി, മൻഹു ദേവി, ഗോലു കുമാർ, അഞ്ജലി കുമാരി, ടുട്ടി കുമാരി, 12 വയസുകാരൻ സൗരഭ് നായക് എന്നിവരാണ് മരിച്ചത്. വ്യാഴം രാത്രിയിൽ കര്ര–തോർപ പ്രധാന റോഡിൽ പോഡയ്ക്ക് സമീപമുള്ള ജോനെ–ലുദ്രു വളവിലാണ് അപകടം നടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
വ്യാഴം രാത്രിയോടെ ജോനെ–ലുദ്രു വളവിന് സമീപമുള്ള കലുങ്കിനടുത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തു തടിച്ചുകൂടിയ ആളുകൾക്കിടയിലേയ്ക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ആറുപേർ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. അപകടത്തിൽ അതീവഗുരുതരാവസ്ഥയിലുണ്ടായിരുന്ന 12 വയസുകാരൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തിനു പിന്നാലെ ഡ്രൈവറും ഇയാളുടെ സഹായിയും സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.









0 comments