കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ചത്തത് 669 ഏഷ്യൻ സിംഹങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ചത്തത് 669 ഏഷ്യൻ സിംഹങ്ങളെന്ന് റിപ്പോർട്ട്. 2020-ൽ 142 സിംഹങ്ങളും, 2021-ൽ 124-ഉം, 2022-ൽ 117-ഉം, 2023-ൽ 121-ഉം, 2024-ൽ 165-ഉം സിംഹങ്ങളും ചത്തതായി കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു.
വാർദ്ധക്യം, രോഗം, പരസ്‌പര ആക്രമണത്തിന്റെ ഫലമായുള്ള പരിക്കുകൾ, കിണറുകളിൽ വീഴൽ, വൈദ്യുതാഘാതം, അപകടങ്ങൾ തുടങ്ങിയവ മൂലമാണ് സിംഹങ്ങൾ ചത്തതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ റിപ്പോർട്ട്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഗുജറാത്തിൽ 2020 ജൂണിൽ 674 ഏഷ്യൻ സിംഹങ്ങളാണുണ്ടായിരുന്നത്. 2018 സെപ്റ്റംബറിൽ, കനൈൻ ഡിസ്റ്റെമ്പർ വൈറസ് (സിഡിവി) മൂലം ഗിർ വനത്തിലെ 27 സിംഹങ്ങൾ ചത്തു. നേച്ചർ ജേണലിൽ 2022-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്, നിലവിലുള്ള 674 സിംഹങ്ങളിൽ 48 ശതമാനവും സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്താണെന്നാണ്.
2013-ൽ സുപ്രീം കോടതി ഗുജറാത്തിൽ നിന്ന് അയൽ സംസ്ഥാനമായ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് സിംഹങ്ങളെ മാറ്റാൻ നിർദ്ദേശിച്ചിരുന്നു.ആറ് മാസമാണ് ഇതിനായി അനുവദിച്ചിരുന്നത്.
0 comments