ഉത്സവ ആചാരത്തിനിടെ കനലിൽ വീണ 56കാരൻ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഉത്സവാഘോഷ ചടങ്ങിനിടെ തീയിലൂടെ നടക്കുമ്പോൾ വീണ് പൊള്ളലേറ്റ 56കാരൻ മരിച്ചു. വലന്തരവൈ ഗ്രാമത്തിലെ കേശവനാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിൽ ബസുബ്ബയ്യ ക്ഷേത്രത്തിലെ ആചാരത്തിനിടെയാണ് സംഭവം.
ഏപ്രിൽ 10 ന് ആരംഭിച്ച തീമിധി തിരുവിഴ എന്നറിയപ്പെടുന്ന ആചാരത്തിന്റെ ഭാഗമായി ഇയാൾ കനലിൽ നടക്കുകയായിരുന്നു. തീക്കനൽ നിറഞ്ഞ കുഴിയിലൂടെ നഗ്നപാദനായി നടക്കുന്നതാണ് ആചാരം. ആചാരത്തിന്റെ ഭാഗമായി തീയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ കനലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കേശവനെ രാമനാഥപുരം ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആചാരത്തിനിടെ കേശവൻ വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ മാസം ആദ്യം, തമിഴ്‌നാട്ടിലെ അവറങ്കാട്ടിലുള്ള അഗ്നി മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഒരാൾ തീക്കനലിൽ നടക്കുന്നതും കാൽ വഴുതി വീഴുന്നതുമായ ഒരു വീഡിയോ പ്രചരിപ്പിച്ചതും വിവാദമായിരുന്നു.









0 comments