അടിയന്തരാവസ്ഥയും ദേശാഭിമാനിയും

emergency
വെബ് ഡെസ്ക്

Published on Jun 24, 2025, 08:11 PM | 3 min read

അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമകൾക്ക് 50 വയസ് തികയുകയാണ്. സത്യങ്ങൾ മൂടി വയ്ക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്ത ആ കാലത്ത് വാർത്തകൾ നിർഭയം ജനങ്ങളിൽ എത്തിക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വിശദമായ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയായിരുന്നു. പോസ്റ്റൽ ആൻഡ് ടെലികോം ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തീർത്തും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ദേശാഭിമാനിക്ക് വാർത്ത ജനങ്ങളിലെത്തിക്കാൻ സാധിച്ചത്.


മറ്റ് പത്രങ്ങൾ അടിയന്തരാവസ്ഥയെയും ഇന്ദിര ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് ഭരണത്തെയും പ്രകീർത്തിച്ച് വാർത്തകൾ നൽകിയപ്പോൾ ദേശാഭിമാനി മാത്രമാണ് അതിന്റെ അപകടങ്ങളെ ആദ്യം പുറംലോകത്തെ അറിയിച്ചത്. അവ കേവലം വാർത്തകൾ മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഇരുൾ മൂടിയ ഒരു അധ്യായത്തിന്റെ നേർ ചിത്രങ്ങളായിരുന്നു. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാൻ ​അർധ ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ചപ്പോൾ അതിന് കീഴടങ്ങാതെ ജനവിരുദ്ധമായ ഭരണ തീരുമാനങ്ങളെ ദേശാഭിമാനി ശക്തമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തു.


1974-ലെ റെയിൽവേ പണിമുടക്കിനെ തുടർന്ന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഒരു പരമ്പര തന്നെ നടന്നു. ഈ കാലഘട്ടത്തിലാണ് അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി സ്ഫോടനാത്മകമായ ഒരു വിധി പുറപ്പെടുവിച്ചത്. അത് അപ്രതീക്ഷിതമായിരുന്നു. ഈ സാഹചര്യത്തെ മറികടക്കാനും പ്രക്ഷോഭങ്ങളെ അടിച്ചമർത്താനും 1975 ജൂൺ 25-ന് ക്രൂരമായ 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. അവിടെ നിന്ന് തുടർച്ചയായ 21 മാസം ഇന്ത്യയുടെ ദിനങ്ങൾ ഇരുണ്ടുകിടന്നു.


1975 കാലത്ത് നരിക്കുട്ടി മോഹനനായിരുന്നു ദേശാഭിമാനിയുടെ ഡൽഹി ലേഖകൻ. അടിയന്തരാവസ്ഥയുടെ യഥാർഥ വിവരങ്ങൾ പുറത്തുവിടുന്നവർ ജയിലഴിക്കുള്ളിലാവുകയും പൊലീസ് ബൂട്ടിന് ഇരയാവുകയും ചെയ്യുന്ന കാലമാണ്. മൊബൈൽ ഫോണുകളോ, എസ്ടിഡി സംവിധാനങ്ങളോ കണ്ടുപിടിച്ചിട്ടില്ലാത്ത അക്കാലത്ത് വാർത്തകൾ യഥാസമയം കേരളത്തിലെ ദേശാഭിമാനിയുടെ ഓഫീസുമായി പങ്കുവച്ചിരുന്നത് അതിസാഹസികമായാണ്. ട്രങ്ക് കോളുകൾ മാത്രമാണ് കേരളവുമായി പെട്ടെന്ന് ബന്ധപ്പെടാനുള്ള ഏക വഴി. എന്നാൽ ട്രങ്ക് കോളുകൾ ബുക്ക് ചെയ്ത് വിവരങ്ങൾ പുറത്തുവിട്ടാൽ പിടിക്കപ്പെടാനും സാധ്യതയുണ്ട്. ഈ കാല​ഘട്ടത്തിലെ വാർത്താ വിതരണം ഓർമ്മിച്ചെടുക്കുകയാണ് ബിഎസ്എൻഎൽ എംബ്ലേയീസ് യൂണിയൻ അഖിലേന്ത്യാ നേതാവായിരുന്ന വി എ എൻ നമ്പൂതിരി.


ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഡൽഹിയിലായിരുന്നു വി എ എൻ നമ്പൂതിരി. 1975 ജൂൺ അവസാനത്തോടെ ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളുടെ ഒരു ദേശീയ കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. കോഴിക്കോടുനിന്നുള്ള ഒരു പ്രതിനിധി എന്ന നിലയിൽ, അതിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.


"26-ാം തീയതി രാവിലെ ഞാൻ ഡൽഹിയിലെത്തി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ മുഴുവൻ പൊലീസിനെയും സിആർപിഎഫിനെയും കൊണ്ട് നിറഞ്ഞിരുന്നു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഞങ്ങളെ സ്വീകരിക്കാൻ എത്തിയ ആളുകൾ പറഞ്ഞു. സിപിഐ എം എംപി ജ്യോതിർമോയി ബസുവിന്റെ എംപി ക്വാർട്ടേഴ്‌സിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അറസ്റ്റ് ഒഴിവാക്കാൻ അദ്ദേഹം ഇതിനകം ഒളിവിൽ പോയിരുന്നു. സ്ഥലത്ത് നിന്നും പുറത്ത് പോകരുതെന്ന് ഞങ്ങളോട് നിർദ്ദേശിച്ചു.


ഡൽഹിയിൽ പലതവണ പോയിട്ടുള്ളതിനാൽ വഴികൾ പരിചിതമായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി അശോക റോഡിലുള്ള എ കെ ഗോപാലൻ എം പി യുടെ ക്വാർട്ടേഴ്‌സിൽ പോയി. ഡൽഹിയിൽ ഉള്ളപ്പോഴെല്ലാം ഞാൻ അവിടെ പോകാറുണ്ടായിരുന്നു. അന്ന് എകെജി സുഖമില്ലാതെ കേരളത്തിൽ ആയിരുന്നു. അവിടെ താമസിച്ചിരുന്ന ദേശാഭിമാനി ലേഖകനായ നരിക്കുട്ടി മോഹനനുമായി സംസാരിച്ചു. ട്രങ്ക് കോളുകൾ ലഭിക്കാത്തതിനാൽ ദേശാഭിമാനി പത്രത്തിന് വാർത്തകൾ കൈമാറുന്നതിൽ തടസം നേരിടുന്നതായി മോഹനൻ പറഞ്ഞു.


യാദൃശ്ചികമായി എറണാകുളത്തെ പോസ്റ്റൽ ആൻഡ് ടെലി​ഗ്രാഫ് നേതാവ് കെ പ്രഭാകരൻ ആ സമയത്ത് വിളിച്ചു. മോഹനൻ എനിക്ക് ഫോൺ തന്നു. എറണാകുളം ദേശാഭിമാനി ഓഫീസുമായി ബന്ധപ്പെടാൻ ഞാൻ പ്രഭാകരനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങളും മോഹനൻ ദേശാഭിമാനിയിലേക്ക് കൈമാറി. അടുത്ത ദിവസം ദേശാഭിമാനി ദിനപത്രം എല്ലാ വാർത്തകളുമായി വന്നു. ആ വാർത്തകളൊന്നും മറ്റ് മലയാള പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കയ്യിൽ വാളുമായി നിൽക്കുന്ന ഒരു കാരിക്കേച്ചറും ഉണ്ടായിരുന്നു" വി എ എൻ നമ്പൂതിരി ഓർക്കുന്നു.


ദേശാഭിമാനിക്ക് എങ്ങനെയാണ് വാർത്ത ലഭിച്ചതെന്ന് അന്വേഷിച്ച് പൊലീസ് പലതവണ നരിക്കുട്ടി മോഹനനെ ചോദ്യം ചെയ്തു. ട്രങ്ക് കോളിന്റെ രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ ഒരു തെളിവും ഉണ്ടായിരുന്നില്ല. ടെലിഗ്രാമും ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടു. നീതിപിഠത്തെ പോലും വെല്ലുവിളിച്ച് തീർത്തും ഏകാധിപത്യപരമായ നടപടികളിലൂടെ അധികാരം നിലനിർത്തിയ ഇന്ദിരാ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ അതുവരെ കണ്ടിട്ടില്ലാത്ത ഭീകരാവസ്ഥയിലേക്കാണ് അടിയന്തിരാവസ്ഥ കൊണ്ടുചെന്നെത്തിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന് ഒരിക്കലും പൊറുക്കാനാകാത്ത  ഒരേടായി ചരിത്രത്തിൽ അത് മാറി.





deshabhimani section

Related News

View More
0 comments
Sort by

Home