മധ്യപ്രദേശിലെ മൊറീനയിൽ അണക്കെട്ടിന് സമീപം ചീറ്റകളെ കണ്ടതായി റിപ്പോർട്ട്; ജാഗ്രതാ നിർദേശം

photo credit: pti
മൊറീന: മധ്യപ്രദേശിലെ മൊറീന ജില്ലയിലെ അണക്കെട്ടിന് സമീപം ഞായറാഴ്ച അഞ്ച് ചീറ്റകളെ കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് ചീറ്റകൾ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഇതേത്തുടർന്ന് വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ആഫ്രിക്കൻ ചീറ്റകളുടെ ആവാസ കേന്ദ്രമായ കുനോ ദേശീയോദ്യാനത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജൗറ പ്രദേശത്തെ പഗാര അണക്കെട്ടിന് സമീപത്താണ് ചീറ്റകളെ കണ്ടത്. ചീറ്റകൾ കുനോ നാഷണൽ പാർക്കിൽ (കെഎൻപി) നിന്ന് കൈലാരസ് വഴി സഞ്ചരിച്ച് മൊറീനയിലെ ജൗറ മേഖലയിൽ എത്തിയതാണെന്ന് ഡെപ്യൂട്ടി റേഞ്ചർ വിനോദ് കുമാർ ഉപാധ്യായ വ്യക്തമാക്കി. ജിപിഎസ് കോളറുകളുടെ സഹായത്തോടെയാണ് ചീറ്റകളെ കണ്ടെത്തിയത്. പരിശീലനം ലഭിച്ച പ്രാദേശികരും ഉദ്യോഗസ്ഥരും ചീറ്റകളെ നിരീക്ഷിച്ചു വരികയാണ്.
രാജ്യത്ത് വംശനാശം സംഭവിച്ച ഒരു വിഭാഗമാണ് ചീറ്റ. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും നിരവധി ചീറ്റകളെ കെഎൻപിയിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പ്രൊജക്റ്റ് ചീറ്റയെന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ ഭാഗമായി മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ ആവാസവ്യസസ്ഥ പുനസൃഷ്ടിച്ചു.
0 comments