കെട്ടിയിട്ട ശേഷം തീകൊളുത്തി; പൊള്ളലേറ്റിട്ടും കുന്നിൻമുകളിൽ നിന്നും താഴ്‍വാരത്തെത്തി നാട്ടുകാരെ അറിയിച്ച് 45കാരൻ

ബെംഗളൂരു: ബെംഗളൂരുവിൽ 45കാരനെ കെട്ടിയിട്ട് തീകൊളുത്തിക്കൊല്ലാൻ ശ്രമം. ബുധനാഴ്ച രാവിലെയാണ് 45കാരനായ സയ്യിദ് ഹാസിയെ അജ്ഞാതർ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഗിരിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 70 ശതമാനം വരെ പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
“തുണി ഉപയോഗിച്ച് കൈകകൾ കെട്ടിയിട്ട ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഹെൽപ്പ്‌ലൈൻ വഴിയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഗിരിനഗറിലെ ജെയിൻ ആശുപത്രിക്ക് പിന്നിലുള്ള കുന്നിൻ പ്രദേശത്താണ് സംഭവം നടന്നത്” സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വംശി കൃഷ്ണ പറഞ്ഞു.
45 വയസ്സുള്ള സയ്യിദ് ഹാസി നേരത്തെ പടരായനപുരയിലായിരുന്നു താമസിച്ചിരുന്നതെന്നും ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ചെയ്തിരുന്നതെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനോ പൂർണ വിവരങ്ങൾ ശേഖരിക്കാനോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്രതികൾ ഇദ്ദേഹത്തെ കെട്ടിയിട്ട് തീകൊളുത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ പരിക്കുകൾക്കിടയിലും ഇദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ട് കുന്നിന്റെ താഴ്‌വാരത്ത് എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിലവിൽ അതീവ ഗുരുതരാവസ്ഥയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകാൻ കഴിയുന്ന സാഹചര്യത്തിലല്ല ഇദ്ദേഹമുള്ളത്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം പ്രതികളെയും ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.









0 comments