ട്രെയിനിൽ തീപിടിത്തമെന്ന വ്യാജപ്രചാരണം; അടുത്ത ട്രാക്കിലേക്ക് ചാടിയ 4 യാത്രക്കാർ ട്രെയിൻ തട്ടി മരിച്ചു

പ്രതീകാത്മക ചിത്രം
ഭോപ്പാൽ: ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ നാല് യാത്രക്കാർക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ഞായറാഴ്ച സംഭവം. ഭോപ്പാൽ - ഇൻഡോർ എക്സ്പ്രസ് ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരുടെ മേൽ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു.
ട്രെയിൻ ഉജ്ജയിനി റെയിൽവേ സ്റ്റേഷന് സമീപമെത്താറായപ്പോഴാണ് ഒരു കോച്ചിൽ പുക ഉയർന്നതായും തീപിടിച്ചതായും യാത്രക്കാർക്കിടയിൽ അഭ്യൂഹം പരന്നത്. തീപിടിത്തം ഉണ്ടായെന്ന് ഉറപ്പിച്ച ചില യാത്രക്കാർ ഉടൻ തന്നെ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു.
സ്റ്റേഷന് തൊട്ടപ്പുറം വിജനമായ സ്ഥലത്താണ് ട്രെയിൻ നിന്നത്. തുടർന്ന് ജീവൻ രക്ഷിക്കാനായി യാത്രക്കാർ കൂട്ടത്തോടെ വാതിലിലൂടെ പുറത്തേക്ക് ചാടാൻ തുടങ്ങി. കോച്ചിൽ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാർ തൊട്ടടുത്ത ട്രാക്കിലേക്കാണ് വീണത്. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന ഗുഡ്സ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്ന യാത്രക്കാരുടെ മേൽ കയറിയത്. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തുടർന്ന് റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ട്രെയിനിൽ ഒരിടത്തും തീപിടിത്തമോ പുകയോ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. യാത്രക്കാർക്കിടയിൽ മനഃപൂർവ്വം ഭീതി പടർത്താൻ ആരോ നടത്തിയ വ്യാജപ്രചാരണമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) പ്രാദേശിക പൊലീസും സംയുക്തമായി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന് കാരണമായ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ യാത്രക്കാരിൽ നിന്നും മൊഴിയെടുക്കുകയാണ്.










0 comments