റോളർ കോസ്റ്റർ നിശ്ചമായി: മുപ്പതോളം പേർ അമ്പതടി ഉയരത്തിൽ കുടുങ്ങിയത് മൂന്ന് മണിക്കൂർ

പ്രതീകാത്മകചിത്രം
ചെന്നൈ : യന്ത്രത്തകരാറിനെത്തുടർന്ന് അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയവർ അമ്പതടി ഉയരത്തിൽ കുടുങ്ങി. എട്ട് കുട്ടികളും 10 സ്ത്രീകളുമടക്കം മുപ്പതോളം പേരാണ് നിലത്തുനിന്ന് അമ്പതടി ഉയരത്തിൽ റോളർ കോസ്റ്ററിൽ കുടുങ്ങിയത്. ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങിക്കിടന്നതിനു ശേഷമാണ് ഇവരെ താഴെയിറക്കാനായത്.
ഇഞ്ചമ്പാക്കത്തെ വിജിപി ഗോൾഡൻ ബീച്ച് അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാർ സംഭവിച്ചത്. അമ്പതടി ഉയരത്തിലായതോടെ റെഡിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും പൊലീസും മൂന്നുമണിക്കൂറോളമെടുത്താണ് എല്ലാവരെയും താഴെയിറക്കിയത്. ജനങ്ങളെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വൈകുന്നേരം 6 മണിയോടെയാണ് റൈഡ് ആരംഭിച്ചത്. റൈഡ് മുകളിലെത്തിയ ഉടൻ യന്ത്രത്തകരാർ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും താഴെയുണ്ടായിരുന്ന ഓപ്പറേറ്ററിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് റൈഡിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ജനങ്ങളെ താഴെയിറക്കാൻ പാർക്കിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും അത്രയും ഉയരത്തിലായതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.








0 comments