ഉത്തർപ്രദേശിൽ ഇന്ധന വിതരണത്തിനിടെ സംഘർഷം; പൊലീസിനെ ആക്രമിക്കാൻ ശ്രമം: 30 പേർക്കെതിരെ കേസ്

അമേഠി : ഉത്തർപ്രദേശിലെ അമേത്തിയിൽ ഇന്ധന വിതരണത്തെച്ചൊല്ലിയുണ്ടായ സംഘർഷം അക്രമാസക്തമായി. 30 പേർക്കെതിരെ കേസെടുത്തു. 4 പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മോഹൻഗഞ്ച് പ്രദേശത്തെ വിശേശ്വർഗഞ്ച് പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ പമ്പ് ജീവനക്കാർ ചില ഉപഭോക്താക്കൾക്ക് ഇന്ധനം വിൽക്കാൻ വിസമ്മതിച്ചപ്പോൾ മറ്റുള്ളവർക്ക് കണ്ടെയ്‌നറുകളിൽ ഇന്ധനം നൽകിയതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്,
സ്ഥലം സബ് ഇൻസ്‌പെക്ടർ സയ്യാം ബാബു ഖാൻ പൊലീസ് സംഘവുമായി എത്തിയപ്പോൾ, ഒരു സംഘം പൊലീസ് വാഹനം വളയുകയും ബഹളം വയ്ക്കുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മോഹൻഗഞ്ച് ഭേലായ് കാലയിലെ താമസക്കാരായ സുഫിയാൻ അഹമ്മദ്, അബു സെയ്ഫ്, അബു സെയ്ദ്, ഫൈസാൻ, മുഹമ്മദ് ഗസാലി എന്നിവർക്കെതിരെയും മറ്റ് 25 പേർക്കെതിരെയും ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുഫിയാൻ അഹമ്മദ്, അബു സെയ്ഫ്, ഫൈസാൻ, മുഹമ്മദ് ഗസാലി എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തതായി മോഹൻഗഞ്ച് ഇൻസ്‌പെക്ടർ-ഇൻ-ചാർജ് രാകേഷ് കുമാർ പറഞ്ഞു. പമ്പിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇന്ധനം വാങ്ങാൻ അടുത്ത ദിവസങ്ങളിലായി ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചിട്ടുണ്ടെന്നും വിശേശ്വർഗഞ്ച് പെട്രോൾ പമ്പിന്റെ ഉടമ അരുൺ സിംഗ് പറഞ്ഞു.










0 comments