ഡൽഹിയിൽ മയക്കുമരുന്നുമായി മൂന്ന് വനിതകൾ പിടിയിൽ; 23 കിലോ കഞ്ചാവ് പിടികൂടി

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : തെക്കുകിഴക്കൻ ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധമുള്ള മൂന്ന് വനിതാ മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 23 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവിനു പുറമെ മറ്റ് ലഹരിവസ്തുക്കൾ, ആഭരണങ്ങൾ, പണം എന്നിവയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
സരായ് കാലെ ഖാൻ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പനക്കാരിയുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബീഹാർ സ്വദേശിയായ ദാരോ ദേവിയെ (32) യാണ് ബാഗുകളിൽ ഒളിപ്പിച്ച 22 കിലോ കഞ്ചാവുമായി പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെയാണ്, ദേവി കൂട്ടാളികളെപ്പറ്റി വിവരം നൽകിയത്. തുടർന്ന് ലജ്പത് നഗർ നിവാസിയായ ആരതി(34)യെ അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് വസ്തുക്കളുടെ വിതരണത്തിൽ ദാരോ ദേവിയുടെ പങ്കാളിയാണ് ആരതിയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒരു കിലോയിലധികം കഞ്ചാവ്, 244 ഗ്രാം ഭാരമുള്ള ആഭരണങ്ങൾ, 2.90 ലക്ഷം രൂപ എന്നിവ ആരതിയിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
മറ്റൊരു പ്രതിയായ സുധയെ ജൽ വിഹാറിൽ നിന്ന് 28 ഗ്രാം മയക്കുമരുന്നുമായാണ് അറസ്റ്റ് ചെയ്തത്. ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.










0 comments