ad
Deshabhimani

ഉൾപ്രദേശങ്ങൾ വെള്ളത്തിൽത്തന്നെ

ജലനിരപ്പ്‌ താഴുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2026, 12:56 AM | 1 min read

ആലപ്പുഴ

മഴയും കിഴക്കൻവെള്ളത്തിന്റെ വരവും കുറഞ്ഞതോടെ ആശ്വാസം. ജലനിരപ്പ് അപകടനിലയിൽന്ന്‌ താഴ്‌ന്നതോടെ കുട്ടനാടും സാധാരണനിലയിലേക്ക്. നദികളിലും കൈത്തോടുകളിലും ജലനിരപ്പ് താഴ്‌ന്നെങ്കിലും ഉൾപ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളമുണ്ട്‌. മടവീഴ്‌ചകളെത്തുടർന്ന്‌ പാടശേഖരങ്ങൾക്കുള്ളിൽ വെള്ളംകെട്ടിക്കിടക്കുന്നതാണ്‌ പ്രതിസന്ധിയാകുന്നത്‌. പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിലെ നീരൊഴുക്കിൽ വലിയകുറവുണ്ടായതോടെ അപ്പർകുട്ടനാട്‌ ഭാഗത്തും വലിയതോതിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിൽ ഞായറാഴ്‌ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണത്തിൽ മാറ്റമില്ല. 130 ക്യാമ്പിലായി 7411 കുടുംബത്തിൽനിന്ന്‌ 19,936 പേരെയാണ്‌ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്‌. 
 ഇതിൽ 8109 പുരുഷന്മാരും 9462 സ്‌ത്രീകളും 2365 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ താലൂക്കിൽ 33, കുട്ടനാട്​- 35​, കാർത്തികപ്പള്ളി -24, മാവേലിക്കര- 15​, ചേർത്തല- 10​​, അമ്പലപ്പുഴ- 12 എന്നിങ്ങനെയാണ്​ ക്യാമ്പുകൾ​.

ഇടറോഡുകൾ വെള്ളത്തിൽ

കുട്ടനാട്ടിൽ പ്രധാനപാതകളിൽ ഒഴികെ മറ്റ്‌ റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. മടവീഴ്‌ചയെത്തുടർന്ന്‌ എ സി റോഡിൽ ചില പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്‌. എടത്വ, ഹരിപ്പാട് ഡിപ്പോകളിൽനിന്ന്‌ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എടത്വ –വീയപുരം റോഡിൽനിന്ന്‌ പൂർണമായും വെള്ളം ഇറങ്ങാത്തതിനാൽ കെഎസ്ആർടിസി സർവീസ് നടത്തിയില്ല. 
 എടത്വായിൽനിന്ന്‌ തായങ്കരിക്കും ഹരിപ്പാടിനും പോകുന്ന സർവീസ്‌ തിങ്കളാഴ്‌ച പുനരാരംഭിക്കും. കാവാലത്തുനിന്ന്‌ കൃഷ്‌ണപുരം വഴിയും കുട്ടനാട്ടിലെ മറ്റ്‌ ഗ്രാമീണ മേഖലകളിലേക്കും കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചില്ല. ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ കാവാലം–തട്ടാശേരി, പുളിങ്കുന്ന്‌ ജങ്കാർ സർവീസ് പുനരാരംഭിച്ചില്ല. 

ശുദ്ധജലക്ഷാമം രൂക്ഷം

വെള്ളം പൊങ്ങിയതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്‌. കിണറുകളില‍െ വെള്ളം കവിഞ്ഞൊഴുകിയതിനാൽ വെള്ളം വറ്റിച്ച് ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചേ ഉപയോഗയോഗ്യമാക്കാൻ കഴിയൂ. പൊതുടാപ്പുകൾ പലസ്ഥലത്തും വെള്ളത്തിനടിയിലാണ്‌. 
 ദൂരെപോയി വിലകൊടുത്ത് വെള്ളംവാങ്ങിയാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ വ‍ീടുകൾ വ‍ൃത്തിയാക്കുന്നുണ്ടെങ്കിലും വള്ളം മാത്രമാണ്‌ ആശ്രയം.

കുട്ടനാട്ടിൽ ഇന്ന് അവധി

ആലപ്പുഴ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും തിങ്കളാഴ്‍ച അവധി നൽകി കലക്‍ടര്‍. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home