മുംബൈയിൽ രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; 20കാരനെതിരെ കേസ്

എ ഐ പ്രതീകാത്മക ചിത്രം
മുംബൈ: വടക്കൻ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ 20 വയസുകാരനെതിരെ കേസ്. വികാസ് ബേസകർ പാസ്വാൻ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ സംഭവ സ്ഥലത്തു നിന്നും പൊലീസ് പിടികൂടി.
ഞായറാഴ്ച വൈകുന്നേരം മലാഡിലെ ഒരു പൊതു ടോയ്ലറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവ് നായ്ക്കുട്ടിയെ ടോയ്ലറ്റിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുരാർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നായ്ക്കുട്ടിയുടെ ശബ്ദം കേട്ടെത്തിയ വഴിയാത്രക്കാരൻ മൃഗസ്നേഹിയായ ഗീത പട്ടേലിനെ വിവരം അറിയിക്കുകയും അവർ പൊലീസിനെ വിളിച്ചറിയിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പിടികൂടി. ഗുരുതരാവസ്ഥയിലായ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. ഒരു മൃഗഡോക്ടറുടെ പരിചരണത്തിലാണ് നായ്ക്കുട്ടി ഇപ്പോഴുള്ളതെന്നും പൊലീസ് പറഞ്ഞു.
യുവാവിനെ പിടികൂടുന്നതും പൊതു ടോയ്ലറ്റിന് പുറത്ത് നടന്ന ബഹളത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.











0 comments