മണിപ്പൂരിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ 27 ബോംബുകൾ നിർവീര്യമാക്കി

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സുരക്ഷാ സേന 27 ബോംബുകൾ കണ്ടെടുത്ത് നിർവീര്യമാക്കി.
വ്യാഴാഴ്ച നടത്തിയ ഓപ്പറേഷനിലാണ് മോങ്‌ലാം ഗ്രാമത്തിനടുത്തുള്ള ജനവാസ മേഖലയിൽ നാടൻ ബോംബുകൾ കണ്ടെത്തിയത്. ജില്ലയിലെ ലാങ്ഡം നുങ്‌ജെങ്‌ബി പ്രദേശത്ത്നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു.
രണ്ട് വർഷമായി കലാപത്തിലമർന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന്റെ കാലാവധി ഫെബ്രുവരി 13 ന് അവസാനിക്കാനിരിക്കയാണ്. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പിരിച്ച് വിട്ടാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. എങ്കിലും ജനജീവിതം പഴയ നിലയിൽ പുനസ്ഥാപിക്കാനായില്ല.
2023 മെയ് മുതൽ മെയ്‌തെ കുക്കി-സോ വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്നു. 260-ൽ അധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. 2027 വരെ കാലാവധിയുള്ളതാണ് സംസ്ഥാന നിയമസഭ.
രാഷ്ട്രപതി ഭരണ കലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഡൽഹിയിൽ അവലോകന യോഗം വിളിച്ചിട്ടുണ്ട്.










0 comments