ad
Deshabhimani

നീറ്റ്‌ പിജി പരീക്ഷ ഒറ്റ ഷിഫ്‌റ്റിൽ നടത്താൻ സുപ്രീംകോടതി ഉത്തരവ്

NEET SC
avatar
സ്വന്തം ലേഖകൻ

Published on May 30, 2025, 06:34 PM | 1 min read

ന്യൂഡൽഹി: ജൂൺ 15ന്‌ ആരംഭിക്കാനിരിക്കുന്ന നീറ്റ്‌ പിജി പരീക്ഷ ഒറ്റഷിഫ്‌റ്റായി നടത്തിയാൽ മതിയെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. രണ്ട്‌ ഷിഫ്‌റ്റായി പരീക്ഷ നടത്താനുള്ള നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ സയൻസസിന്റെ (എൻ‌ബി‌ഇ) തീരുമാനം കോടതി റദ്ദാക്കി. രണ്ടുഷിഫ്‌റ്റിൽ പരീക്ഷ നടത്തുന്നത്‌ ഏകപക്ഷീയത സൃഷ്‌ടിക്കുന്നതാണെന്നും രണ്ടാഴ്‌ചക്കുള്ളിൽ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ മൂന്നംഗ ബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു.


പരീക്ഷാകേന്ദ്രങ്ങളുടെ കുറവ് സുരക്ഷഭീഷണി ഉയർത്തുന്നുവെന്ന എൻ‌ബി‌ഇയുടെ വാദം കോടതി തള്ളി. ഒറ്റ ഷിഫ്‌റ്റായി പരീക്ഷ നടത്തുന്നതിന്‌ അവശ്യമായ 900 കേന്ദ്രങ്ങൾ ലഭിച്ചില്ലങ്കിൽ പരീക്ഷ നീട്ടിവെയ്‌ക്കാൻ എൻ‌ബി‌ഇക്ക്‌ അപേക്ഷ നൽകാം. രണ്ടുഷിഫ്‌റ്റ്‌ പരീക്ഷയ്‌ക്ക്‌ എതിരെ സമർപ്പിച്ച രണ്ട്‌ റിട്ട്‌ ഹർജികൾ അടിയന്തരമായി പരിഗണിച്ചാണ്‌ ഉത്തരവ്‌. രണ്ടുചോദ്യപ്പേപ്പറുകളും ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന്‌ പറയാനാവാത്തത്‌ വിദ്യാർഥികളെ രണ്ടുതട്ടുകളിലാക്കുമെന്ന്‌ ഉത്തരവിൽ നിരീക്ഷിച്ചു. ഇത്‌ ഏകപക്ഷീയത സൃഷ്‌ടിക്കും. രണ്ടുപേപ്പറുകളിലും തുല്യത ഉറപ്പാക്കാൻ മാർക്ക്‌ നോർമലെസേഷൻ വരുത്തുമെന്ന എൻ‌ബി‌ഇ വാദത്തിൽ വ്യക്തതയില്ല. അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമാണ്‌ നോർമലൈസേഷൻ നടത്തേണ്ടത്‌. വർഷം തോറും പറ്റില്ല. സിയുഇടി, ഐഐടി–ജെഇഇ പരീക്ഷകൾ പോലല്ല നീറ്റ്‌ പരീക്ഷയെന്നും -ഉത്തരവിൽ പറഞ്ഞു.


വെള്ളിയാഴ്‌ച നടത്തിയ അന്തിമവാദത്തിൽ പരീക്ഷയുടെ കാഠിന്യതോതിൽ നേരിയ വ്യത്യാസമുണ്ടായാൽപ്പോലും മാർക്ക്‌ നോർമലൈസേഷൻ നടപ്പാക്കുന്നത്‌ വിദ്യാർഥികളുടെ തുല്യതയെ ബാധിക്കില്ലന്ന്‌ എൻബിസി വാദിച്ചു. ഓൺലൈൻ പരീക്ഷ ആയതിനാൽ ഒറ്റഷിഫ്‌റ്റായി പരീക്ഷ നടത്തുന്നത്‌ പ്രായോഗികമല്ലന്നും ആചാര്യ പറഞ്ഞുവെങ്കിലും കോടതി തള്ളി. സാങ്കേതിക വിദ്യയിൽ രാജ്യം മുന്നോട്ടുപോയിയെന്നും രണ്ടാഴ്‌ചകൊണ്ട്‌ 900 കേന്ദ്രങ്ങൾ കെണ്ടത്താൻ ബുദ്ധിമുട്ടില്ലന്നുമായിരുന്നു ബെഞ്ചിന്റെ മറുപടി. എന്തിനാണ്‌ ഓൺലൈനായി മാത്രം പരീക്ഷ നടത്തുന്നതെന്ന്‌ ചോദിച്ചപ്പോൾ മാനുഷിക ഇടപെടൽ കുറയ്‌ക്കാനാണ്‌ എന്നായിരുന്നു എൻബിഇയു2െ മറുപടി. വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ കേസ്‌ നൽകിയെതെന്ന ഏജൻസിയുടെ വാദത്തെയും ബെഞ്ച്‌ ഖണ്ഡിച്ചു. ന്യായമായ പരാതിയുള്ള ആർക്കും കോടതിയെ സമീപിക്കാമെന്ന്‌ ബെഞ്ച്‌ തിരിച്ചുപറഞ്ഞു. ജൂലൈ പതിനഞ്ചാണ്‌ ഫലം പ്രഖ്യാപിക്കേണ്ട തീയതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home