മൊബൈൽ തടാകത്തിൽ വീണു; എടുക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർമാർ മുങ്ങിമരിച്ചു

പ്രതീകാത്മകചിത്രം
ജംഷഡ്പൂർ : നദിയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർമാർ മുങ്ങിമരിച്ചു. ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ വെള്ളി പുലർച്ചെയാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള എംജിഎം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് പുലർച്ചെ തടാകക്കരയിലേക്ക് നടക്കാൻ പോയത്. നടക്കുന്നതിനിടെ ഒരാളുടെ ഫോൺ അബദ്ധത്തിൽ തടാകത്തിന് ചുറ്റുമുള്ള സ്ലൂയിസ് ഗേറ്റുകൾക്കിടയിലൂടെ വെള്ളത്തിലേക്ക് വീണു.
ഫോൺ എടുക്കാൻ ഡോക്ടർമാരിൽ ഒരാൾ തടാകത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിൽപ്പെട്ട് മുങ്ങുകയായിരുന്നു. സുഹൃത്ത് മുങ്ങുന്നതുകണ്ട് കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷിക്കാനായി ചാടി. ഒരാൾ തിരികെ നീന്തിയെത്തിയെങ്കിലും മറ്റു രണ്ടുപേരും മുങ്ങിപ്പോയതായി അധികൃതർ പറഞ്ഞു. പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറിലധികം നീന്ന തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.










0 comments