അതീവ സുരക്ഷാ മേഖലയിൽ മണിക്കൂറുകൾക്കിടെ രണ്ട് സ്ഫോടനങ്ങൾ; പഞ്ചാബിൽ പരിഭ്രാന്തി

പഞ്ചാബില്‍ നടന്ന പൊട്ടിത്തെറി (Photo: NDTV)
അമൃത്സർ: പഞ്ചാബിലെ അതീവ സുരക്ഷാ മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ നടന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആസ്ഥാനത്തും അമൃത്സറിൽ ഖാസ സൈനിക ക്യാമ്പ് പരിസരത്തുമാണ് രണ്ട് മണിക്കൂറുകൾക്കിടെ സ്ഫോടനമുണ്ടായത്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് ആണ് ആദ്യ സ്ഫോടനം നടന്നത്. ആസ്ഥാനത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് രാത്രി എട്ട് മണിയോടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ പ്രഭാവം ഏകദേശം 300 മീറ്റർ വരെ അനുഭവപ്പെട്ടു. കാറിന്റെ ജനലുകളും ഒരു കടയുടെ ചില്ലുകളും തകർന്നതായും റിപ്പോർട്ട് ചെയ്തു.
ഗുർപ്രീത് സിങ് എന്നയാളാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷണ വിതരണത്തിന് ദിവസം വരുന്ന ആളാണ് ഗുർപ്രീത്. വാഹനം പാർക്ക് ചെയ്ത സ്ഥലത്തേയ്ക്ക് മടങ്ങി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഗുർപ്രീത് പറയുന്നു. ഉടനടി വിവരം അധികൃതർക്ക് കൈമാറി. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അടുത്ത സ്ഫോടനം നടന്നത്.
രാത്രി 10.50 ഓടെയാണ് അമൃത്സറിൽ ഖാസ സൈനിക ക്യാമ്പ് പരിസരത്ത് പൊട്ടിത്തെറിയുണ്ടായത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫൊറൻസിക് സയൻസ് ലബോറട്ടറി ടീമുകൾ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതായി അമൃത്സർ എസ്പി ആദിത്യ എസ് വാരിയർ പറഞ്ഞു. സ്ഫോടനത്തിന്റ കാരണം പരിശോധിച്ച് വരികയാണ്.










0 comments