'അടുത്ത ജന്മത്തിൽ ഞാൻ ഒരു ഡോക്ടറാകും': നീറ്റിന് തയ്യാറെടുക്കുകയായിരുന്ന 19കാരൻ ജീവനൊടുക്കി

മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്ന 19കാരൻ പഠനസമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലുള്ള ഖണ്ഡാല സ്വദേശിയായ സൂരജ് സുഭാഷ് ഷിൻഡെ ആണ് ആത്മഹത്യ ചെയ്തത്.
വീട്ടിലെ മുകളിലത്തെ മുറിയിൽ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഠനത്തെയും ഭാവിയെയും കുറിച്ചുള്ള കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് തൊട്ടുമുമ്പ് മാതാപിതാക്കൾക്കായി ആത്മഹത്യാക്കുറിപ്പ് സൂരജ് എഴുതിവെച്ചിരുന്നു.
"ക്ഷമിക്കണം അമ്മേ, അച്ഛാ... അടുത്ത ജന്മത്തിൽ ഞാൻ നിങ്ങൾക്കായി തീർച്ചയായും ഒരു ഡോക്ടറാകും. ദയവായി നിങ്ങളുടെ കാര്യം ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം" എന്നാണ് നീരജ് ആത്മഹത്യ കുറിപ്പിൽ എഴുതിയത്.
നീറ്റ് യു ജി പരീക്ഷാ നടത്തിപ്പിലെ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് രാജ്യത്തുടനീളം വലിയ വിദ്യാർഥി പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് 20ലേറെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: മാനസിക സമ്മർദ്ദവും വിഷാദവും നേരിടുന്നവർ സഹായം തേടാൻ മടിക്കരുത്. സംസ്ഥാന മാനസികാരോഗ്യ സഹായ കേന്ദ്രം 'ദിശ' ഹെൽപ്പ് ലൈൻ നമ്പർ: 1056, സർക്കാർ ഹെൽപ്പ് ലൈൻ 'കിരൺ': 1800-599-0019).










0 comments