തുർക്കിയിലേക്ക് ആയുധങ്ങളുമായി പോയ കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ

Representative Image | AI
അങ്കാര: തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. സൊമാലിയയിലെ പുണ്ട്‌ലാൻഡ് തീരത്തിന് സമീപമാണ് കാമറൂൺ പതാക ഘടിപ്പിച്ച എം/വി ലുതുഫ് എന്ന കപ്പൽ കഴിഞ്ഞദിവസം റാഞ്ചിയത്. 10 ജീവനക്കാരാണ് കപ്പിലുണ്ടായിരുന്നത്.
പുണ്ട്‌ലാൻഡിലെ ഈൽ ജില്ലയിലെ മാറായയ്ക്ക് ഏകദേശം 3.5 നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്ചയാണ് കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. തുടർന്ന് കപ്പൽ നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായാണ് വിവരം. പോളാർ മൂവ്‌മെന്റ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുയിലെ തുർക്കിയുടെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ആയുധങ്ങളും ആശയവിനിമയ, സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കൊണ്ടുപോയിരുന്നത്.
ആറ് ഇന്ത്യൻ പൗരന്മാർ, ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകൾ എന്നിവരടങ്ങുന്നതായിരുന്നു കപ്പലിലെ ജീവനക്കാർ.
കപ്പൽ പിടിച്ചെടുത്തത് എട്ട് കൊള്ളക്കാരാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്. ഏപ്രിൽ 26ന് എം/വി സ്വോർഡ് കപ്പൽ തട്ടിയെടുത്ത സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.
കപ്പൽ തട്ടിയെടുക്കപ്പെട്ടതിന് പിന്നാലെ രണ്ട് തുർക്കി കപ്പലുകളും ഹെലികോപ്ടറുകളും ഡ്രോണുകളും എം/വി ലുതുഫിന് സമീപമെത്തി നിരീക്ഷിച്ചതായാണ് വിവരം. ചൊവ്വാഴ്ച ബോട്ട് മാർഗം രണ്ടുപേർ സൊമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന 'ഖാത്' എന്ന ലഹരിവസ്തു കപ്പിലുള്ളവർക്ക് നൽകി. ബോട്ട് തിരികെ കരയിലെത്തിയതിന് പിന്നാലെ വ്യോമാക്രമണം ഉണ്ടായതായും നാല് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ ആരാണ്, കൊല്ലപ്പെട്ടവർ കടൽക്കൊള്ളയിൽ ഉൾപ്പെട്ടവരാണോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.









0 comments