സൈഡ് കൊടുക്കാത്തതുമായി തർക്കം: കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് അടിച്ച് യുവാവ്

തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച് യുവാവ്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ആക്രമണത്തിൽ വിതുര ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിന് (47) പരിക്കേറ്റു. സംഭവത്തിൽ പ്രതി തൊളിക്കോട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിതുര ബിവറജസ് ഔട്ലറ്റിനു മുന്നിൽ വ്യാഴാഴ്ച വൈകിട്ട് ആറരയോടെ, ബോണക്കാടുനിന്നുള്ള സർവീസ് വിതുര കലുങ്കിലെത്തി തിരികെ ഡിപ്പോയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. നൗഫൽ ഡ്രൈവറോട് ആക്രോശിക്കുകയും ചീത്ത വിളിക്കുകയും ബസിൽ അടിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് നന്ദകുമാർ ബസിൽ നിന്നിറങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തിൽ നന്ദകുമാറിന്റെ ഇടതുചെവിയുടെ തൊട്ടുമുകളിലായി തലയിൽ ആഴത്തിൽ മുറിവേറ്റു. ഡിപ്പോ തൊട്ടടുത്തായതിനാൽ സഹപ്രവർത്തകർ ഉടനെത്തി നന്ദകുമാറിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നന്ദകുമാറിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.










0 comments