ശ്രീറാം ഫിനാൻസിൽ വീണ്ടും വിവാദം; ഡോക്ടറുടെ പേരിൽ വാഹനവായ്പ തിരിമറിയും

ഇരിട്ടി (കണ്ണൂർ): ശ്രീറാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിൽ സർക്കാർ സർവീസിലുള്ള ഡോക്ടറുടെ പേരിൽ 5.40 ലക്ഷം രൂപയുടെ വാഹനവായ്പ എടുത്തതായി കണ്ടെത്തി. നൂറിലേറെ ആളുകളുടെ പേരിൽ അവർ അറിയാതെ അനധികൃത വായ്പയെടുത്തതായി കണ്ടെത്തിയതിന് പിറകെയാണ് പുതിയ തട്ടിപ്പ് വിവരം പുറത്തുവന്നത്.
ശ്രീറാം ഫിനാൻസുമായി ഇടപാടില്ലാത്ത ഡോക്ടറുടെ പേരും ആധാർ, പാൻ നമ്പറുകളും ഉപയോഗിച്ചാണ് വായ്പ നേടിയതായി രേഖപ്പെടുത്തിയത്. വായ്പാ അക്കൗണ്ട് രേഖയിലെ ഫോൺനമ്പർ തന്റേതല്ലെന്ന് ഡോക്ടർ പറഞ്ഞു. തന്റെ പേരിൽ വാഹനമില്ലെന്നും ലോൺ എടുത്തിട്ടില്ലെന്നും ഡോക്ടർ അറിയിച്ചു.
സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഡോക്ടർ തന്റെ പേരിലെ വായ്പാവിവരം അറിഞ്ഞത്. കഴിഞ്ഞ മാസം വായ്പയെടുത്തതായാണ് ഫിനാൻസ് കമ്പനി രേഖകളിലുള്ളത്. വായ്പാ തട്ടിപ്പിനെതിരെ ഡോക്ടർ ഇരിട്ടി പൊലീസിൽ പരാതി നൽകി.
പരാതിക്കാരായ 100 പേർ ഓഫീസിലെത്തി
വായ്‌പാ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നൂറിലേറെ പേർ ശ്രീറാം ഫിനാൻസിന്റെ കീഴൂരിലെ ഓഫീസിലെത്തി പരാതിപ്പെട്ടതായാണ് വിവരം. പരാതിക്കാർ വാട്സാപ്പ് കൂട്ടായ്മയും ആരംഭിച്ചു.
നിലവിലെ ഉപഭോക്താക്കളുടെയോ മുൻ ഉപഭോക്താക്കളുടെയോ പേരിൽ ലോൺ കാണിക്കുന്നതുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ശ്രീരാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും ഫിനാൻസ് കന്പനി അധികൃതർ പറയുന്നു.
ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നവശ്യവുമായി ഡിവൈഎഫ്ഐ
പാനൂർ: തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശ്രീറാം ഫിനാനാൻസ് പാനൂർ ശാഖയിൽ നിന്നും വായ്പ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ ശാഖയിലെത്തി ഇടപാടുക്കാരുടെ ആശങ്കയറീച്ചു.ശ്രീറാം ഫിനാൻസിൻ്റെ ജില്ലയിലെ വിവിധ ശാഖകളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയർന്നു വരുന്നത്.
അടച്ചു തീർത്ത ആദ്യ വായ്പയുടെ രേഖകൾ ഉപയോഗപ്പെടുത്തി അവരെടുക്കാത്ത വായ്പയുടെ പേരിലാണ് പലരും ഇരയാക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹരം കാണണമെന്നും അല്ലെങ്കിൽ ശക്തമായ നിയമ നടപടിയും, സമരവുമടക്കമുള്ള കാര്യങ്ങളിലെക്ക് കടക്കുമെന്നും മുന്നറീപ്പ് നൽകി. ഇരകളെ വിളിച്ചു വരുത്തി വ്യക്തയുണ്ടാക്കുമെന്നും പരിഹാരം കാണുമെന്നും മാനേജർ ഉറപ്പു നൽകി. പാനൂരിൽ മാത്രം ഇരുന്നൂറ്റി അമ്പതിൽപരം ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണക്ക്.
പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, ട്രഷറർ കെ ഷിനന്റു, അനുനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഫിനാൻസിൻ്റെ ഓഫീസിൽ എത്തിയത്. തട്ടിപ്പിന് ഇരകളായവരും കൂടെയുണ്ടായിരുന്നു.










0 comments