ആര്യയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, ഇന്ന് പരാതി നൽകും

ആര്യ
കൊച്ചി: പെരുമ്പാവൂർ സ്വദേശിനിയായ ആര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ 18 നാണ് യുവതിയെ കോട്ടയം നാട്ടകത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനപീഡനമാണ് ആര്യയെ മരണത്തിലേയ്ക്ക് നയിച്ചതെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി കുടുംബം ഇന്ന് പെരുമ്പാവൂർ ഡിവൈഎസ്പിക്ക് പരാതി നൽകും. വ്യാഴ്ചയായിരുന്നു യുവതിയുടെ സംസ്കാരം. പിന്നാലെയാണ് കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്.
ആര്യയുടെ മുഖത്ത് അടിയേറ്റപാടുകൾ ഉണ്ടെന്നും, സംസ്കാര ചടങ്ങിൽ ഭർതൃമാതാവും മുത്തശ്ശിയും പങ്കെടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. ആറു വർഷം മുൻപായിരുന്നു കോട്ടയം സ്വദേശിയായ ദീപക് ബാബുവായി ആര്യയുടെ വിവാഹം. ദമ്പതികൾക്ക് ആറുവയസുള്ള കുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവും മുത്തശ്ശിയും ചേർന്ന് ആര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ശേഷം ഇവർ വാടകവീട്ടിലേയ്ക്ക് മാറുകയും ചെയ്തു.
അടുത്ത് പെയ്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവർ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് ഓണക്കോടി എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ആര്യയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വലിയ രീതിയിൽ നേരിട്ടിരുന്ന മാനസികപീഡനം വീണ്ടും തിരിച്ചെത്തിയപ്പോൾ ആവർത്തിച്ചതായും കുടുംബം പറയുന്നു. ആര്യയുടെ മരണത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭർത്താവിന്റെ അമിതമദ്യപാനം മൂലമാണ് ആത്മഹത്യ എന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ മരണത്തിലെ ദുരൂഹത നീക്കമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് പൊലീസിൽ പരാതി നൽകും.










0 comments