മുംബൈ നഗരത്തിൽ വീണ്ടും സ്ഫോടന ഭീഷണി, 34 ഇടങ്ങളിൽ ആർഡിഎക്സ് സ്ഥാപിച്ചതായി സന്ദേശം

മുംബൈ∙ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. നഗരത്തിനകത്ത് 34 വാഹനങ്ങളിൽ ആർഡിഎക്സ് സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശം. വാട്ട്‌സ്ആപ്പിലൂടെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
നഗരത്തിൽ കനത്ത ജാഗ്രതാ നിർദേശം നൽകി. നഗരത്തിലുടനീളം പൊലീസിന്റെ സുരക്ഷാ വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷം നടക്കാനിരിക്കയാണ്.
14 പാക്കിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ ആഴ്ച ആദ്യം താനെയിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി മുഴക്കിയതിന് 43 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ രൂപേഷ് മധുകർ റാൻപിസെ സെപ്റ്റംബർ 1 ന് വൈകുന്നേരം 4 മണിയോടെ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുകയും കൽവ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ജൂലൈ അവസാന ആഴ്ചയിൽ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുംബൈ പോലീസിന് ബോംബ് ഭീഷണി കോൾ ലഭിച്ചു. അന്ന് മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് കോളുകൾ വന്നത്, എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.








0 comments