ad
Deshabhimani

ഒഡിഷയിൽ ഒന്നരവർഷത്തിനിടെ കൊല്ലപ്പെട്ടത് 136 കാട്ടാനകൾ

aana maranam
വെബ് ഡെസ്ക്

Published on Dec 09, 2025, 03:04 PM | 2 min read

കട്ടക്: ഒഡിഷയിൽ 2024 ഏപ്രിൽ മുതൽ 2025 സെപ്റ്റംബർ വരെ കൊല്ലപ്പെട്ടത് 136 കാട്ടാനകൾ. വൈദ്യുതാഘാതം, രോഗം, വേട്ടയാടൽ, അപകടങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ എന്നാണ് വിശദീകരണം. വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഗണേഷ് റാം സിങ്ഖുണ്ടിയയാണ് കണക്കുകൾ പുറത്ത് വിട്ടത്.


നിയമസഭയിൽ എംഎൽഎ താരപ്രസാദ് ബഹിനിപതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കണക്കുകൾ. ഏറ്റവും അധികം ആനകൾ കൊല്ലപ്പെട്ടത് വൈദ്യുതാഘാതമേറ്റാണ്. 42 ആനകൾ ഇത്തരത്തിൽ ഇരയാക്കപ്പെട്ടു.


31 എണ്ണം മാത്രമാണ് രോഗങ്ങൾക്ക് ഇരയായി ചരിഞ്ഞത്. നാല് എണ്ണം ട്രെയിൻ അപകടങ്ങളിൽ കൊല്ലപ്പെട്ടു. “സ്വാഭാവിക കാരണങ്ങളാൽ” 31 ആനകൾ കൂടി ചരിഞ്ഞതായി അദ്ദേഹം സഭയെ അറിയിച്ചു. സ്വാഭിവക കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.


മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള നാല് മരണങ്ങളും നാല് വേട്ടയാടൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


20 ആനകളുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആനകളുടെ മരണത്തിന് കാരണമായ സംഭവങ്ങളിൽ 92 പേരെ ഇക്കാലയളവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നും ഖുണ്ടിയ സഭയെ അറിയിച്ചു. ഔദ്യോഗിക കണക്കാണ് 136 എന്നത്.


ഈ വർഷം ഒക്ടോബർ വരെ ഒഡീഷയിൽ 76 കാട്ടാനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ 56 എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെയാണ്. 2019 നും 2024 നും ഇടയിൽ (ഒക്ടോബർ വരെ) ഒഡീഷയിൽ 483 ആനകളും ബംഗാളിൽ 116 ആനകളും ചരിഞ്ഞു.


ഇതേ കാലയളവിൽ ആനകളുടെ ആക്രമണത്തിൽ വൻ തോതിൽ മനുഷ്യ ജീവനുകൾ നഷ്ടമായി. 2019-2024 ൽ (ഒക്ടോബർ വരെ) ഒഡീഷയിൽ 755 പേരും ബംഗാളിൽ 507 പേരും ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.


elephant killed


മനുഷ്യ വന്യജീവി സംഘർഷം


ഒഡീഷയിൽ ഏകദേശം 2,100 ആനകളുണ്ട് എന്നാണ് സർക്കാർ കണക്ക്. സിൻക്രണസ് ഓൾ-ഇന്ത്യ എലിഫന്റ് എസ്റ്റിമേഷൻ (SAIEE) 2021-25 കണക്ക് പ്രകാരം ഈ സംഖ്യ വെറും 912 ആണ്. ഇവയിൽ നിന്നാണ് 136 എണ്ണം കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സർക്കാർ ആന സെൻസിലെ കണക്ക് 2103 എണ്ണം എന്നായിരുന്നു.


കർണാടക, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനകളുടെ സാന്ദ്രത ഇവിടെ കുറവാണ്. എന്നാൽ മനുഷ്യ-ആന സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ മരണങ്ങൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ മാത്രം ആനകളുടെ ആക്രമണത്തിൽ 75 പേർ മരിച്ചതായാണ് കണക്ക്. വിളകൾക്കും കൃഷിയിടങ്ങൾക്കും ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് പുറമെയാണിത്.


ഡെങ്കനാൽ ജില്ലയിൽ മാത്രം 2021 നും 2025 ഒക്ടോബറിനും ഇടയിൽ ആനകളുടെ ആക്രമണം മൂലം 129 മരണം റിപ്പോർട് ചെയ്തു. ഏറ്റവും കൂടുതൽ സംഘർഷം നിലനിൽക്കുന്നത് ഇവിടെയാണ്.

2019 മുതൽ-2024 ഒക്ടോബർ വരെ ഒഡീഷയിൽ 755 പേരും ബംഗാളിൽ 507 പേരും ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മധ്യേന്ത്യൻ ഭൂപ്രകൃതിയിൽ മൊത്തം ആനകളുടെ ആവാസ വ്യവസ്ഥയുടെ 57 ശതമാനവും ഒഡിഷയ്ക്ക് അകത്താണ്. മഹാനദി, ബൈതരാണി, ബ്രാഹ്മണി, ബുധബലംഗ, റുഷികുല്യ, വൻസാധര, സുബർണരേഖ എന്നീ നദീതടങ്ങളിലാണ് ഇവയുടെ ആവാസം.


50 വന ഡിവിഷനുകളിൽ 44 എണ്ണത്തിലും ആനകളുണ്ടെങ്കിലും, സുരക്ഷിതമായ ആവാസ വ്യവസ്ഥകൾ പ്രധാനമായും സിമിലിപാൽ, സത്കോസിയ കടുവ സംരക്ഷണ കേന്ദ്രങ്ങളിലും പരിസരങ്ങളിലുമാണ് കാണപ്പെടുന്നത്. അതേസമയം ശേഷിക്കുന്ന ആവാസ വ്യവസ്ഥകൾ നഗരവത്കരണവും വ്യവസായ വത്കരണവും മൂലം വിഘടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സിൻക്രണസ് ഓൾ-ഇന്ത്യ എലിഫന്റ് എസ്റ്റിമേഷൻ പഠനം പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home