രാജ്യത്ത് ‘തൊട്ടുകൂടായ്മ’ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് ഒരു ശതമാനത്തിലും താഴെ


എൻ എ ബക്കർ
Published on Jul 16, 2025, 04:47 PM | 2 min read
ന്യൂഡൽഹി: രാജ്യത്ത് റജിസ്റ്റർ ചെയ്യപ്പെട്ട 'തൊട്ടുകൂടായ്മ' കേസുകളിൽ 97 ശതമാനവും കോടതികളിൽ വിചാരണ കാത്ത് കെട്ടികിടക്കുന്നതായി റിപ്പോർട്ട്. തീർപ്പാക്കിയ മൂന്ന് ശതമാനം കേസുകളിൽ ഭൂരിഭാഗവും പ്രതികൾ കുറ്റ വിമുക്തരാക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2022 വർഷം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് കണക്കുകൾ. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടാണ്.
1955 ലെ തൊട്ടുകൂടായ്മയ്ക്ക് എതിരായ പൗരാവകാശ സംരക്ഷണ നിയമപ്രകാരം (PCR ആക്ട്) പ്രകാരം രജിസ്റ്റർ ചെയ്ത ഈ വിഭാഗത്തിലെ ക്രിമിനൽ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ് എന്ന് റിപ്പോർട്ട് പറയുന്നു. കോടതി തലത്തിൽ, ഈ നിയമപ്രകാരം ഇതുവരെ റജിസ്റ്റ്ർ ചെയ്ത 1,242 കേസുകൾ വിചാരണ കാത്തുകിടക്കുന്നു. ഇവയിൽ 2022-ൽ കോടതികൾ തീർപ്പാക്കിയ 31 കേസുകളിൽ ഒന്ന് മാത്രം ശിക്ഷിക്കപ്പെട്ടു, ബാക്കിയുള്ള 30 എണ്ണം കുറ്റവിമുക്തരാക്കപ്പെട്ടു. മുൻ വാർഷിക റിപ്പോർട്ടുകളുടെ അവലോകനത്തിൽ 2019 നും 2021 നും ഇടയിൽ കോടതികൾ തീർപ്പാക്കിയ 37 പിസിആർ ആക്റ്റ് കേസുകളും കുറ്റവിമുക്തരാക്കപ്പെട്ടതായും പറയുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് (NCRB) നൽകിയ ഡാറ്റ പ്രകാരം, 2022 ൽ രാജ്യത്തുടനീളം PCR നിയമപ്രകാരം ആകെ 13 കേസുകൾ പുതിയതായി രജിസ്റ്റർ ചെയ്യപ്പെട്ടു. 2021 ൽ 24 ഉം 2020 ൽ 25 ഉം ആയിരുന്നത് കുറഞ്ഞു വന്നു. 1989 ൽ അതിക്രമങ്ങൾ തടയൽ നിയമം നടപ്പിലാക്കിയതിനുശേഷമാണ് ഇത്തരം ജാതി ആതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയത്. അപ്പോഴും മുൻ വർഷങ്ങളിലേത് ഉൾപ്പെടെ 2022 ൽ പോലീസിൽ കെട്ടിക്കിടക്കുന്ന 51 കേസുകളിൽ 12 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്.
തൊട്ടുകൂടായ്മ കേസുകൾ കുറയുമ്പോഴും 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. 2022-ൽ 62,501 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ നിയമപ്രകാരം പോലീസിൽ 17,000-ത്തിലധികം കേസുകളും കോടതികളിൽ 2.33 ലക്ഷത്തിലധികം കേസുകളുമാണ് കെട്ടിക്കിടക്കുന്നത്.

തൊട്ടുകൂടായ്മ നിർത്തലാക്കാനും അതിന്റെ ഏതെങ്കിലും രൂപത്തിലുള്ള ആചരണം തടയാനും വേണ്ടി നടപ്പിലാക്കിയ നിയമമാണ് 1955-ലെ പൗരാവകാശ സംരക്ഷണ (PCR) നിയമം. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഏതൊരു വൈകല്യവും തടയുന്നതിനുള്ള ശിക്ഷ ഈ നിയമം നിർദ്ദേശിക്കുന്നു. 1955-ലെ തൊട്ടുകൂടായ്മ (കുറ്റകൃത്യങ്ങൾ) നിയമം എന്നറിയപ്പെട്ടിരുന്ന ഈ നിയമം 1976-ൽ ഭേദഗതി ചെയ്ത് പുനർനാമകരണം ചെയ്തു.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18,936 മിശ്രജാതി വിവാഹിതരായ ദമ്പതികൾക്ക് ഈ നിയമത്തിന് കീഴിൽ 2.5 ലക്ഷം രൂപ വീതം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയതായും 2022 ലെ റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് മഹാരാഷ്ട്രയിലാണ്, 4,100 പേർ, തൊട്ടുപിന്നാലെ കർണാടക (3,519), തമിഴ്‌നാട് (2,217).
സാമൂഹികവും മതപരവുമായ മേഖലകളിൽ ഉൾപ്പെടെ അസ്പൃശ്യതയുടെ വിവിധ പ്രകടനങ്ങളെ നിർവചിക്കാനും ശിക്ഷകൾ നിർദ്ദേശിക്കാനും പിസിആർ നിയമം ലക്ഷ്യം വെക്കുന്നു. കേസ് രജിസ്ട്രേഷൻ, പോലീസിലും കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം, പ്രത്യേക കോടതികളും പോലീസ് സ്റ്റേഷനുകളും സ്ഥാപിക്കൽ, നടപ്പാക്കിയ അന്തർജാതി വിവാഹ പ്രോത്സാഹനങ്ങൾ തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വാർഷിക അവലോകന റിപ്പോർട്ട് ഇത് നിർബന്ധമാക്കുന്നു.
പല സംസ്ഥാനങ്ങളും ഇതിൽ വിമുഖത കാണിക്കുന്നു. ബീഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ മിശ്രവിവാഹ പ്രോത്സാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. കൂടാതെ, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ എന്നിവ പിസിആർ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് "ഒന്നുമില്ല" എന്ന വിവരമാണ സമർപ്പിച്ചത്.









0 comments