ബർദ്ധമാൻ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; 12 പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ബർദ്ധമാൻ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം ഒന്നിലധികം ട്രെയിനുകൾ സ്റ്റേഷനിൽ ഒരുമിച്ചത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. പരിക്കേറ്റവരെ ബർദ്ധമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിക്കും തിരക്കും അനുഭവപ്പെട്ടതോടെ സ്റ്റേഷനിൽ പരിഭ്രാന്തി പരന്നു. ഏറെ നേരം ട്രെയിന ഗതാഗതം തടസപ്പെട്ടു. 4, 6, 7 പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം ട്രെയിനുകളെത്തിയതായാണ് റിപ്പോർട്ട്. ഇടുങ്ങിയ പടികളിലൂടെ യാത്രക്കാർ അതത് പ്ലാറ്റ്ഫോമുകളിലേക്കെത്താൻ തിടുക്കം കൂട്ടിയപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. റെയിൽവേ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാല് - അഞ്ച് പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പടിക്കെട്ടിനടുത്താണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് എന്നാണ് വിവരം. ഒന്നാമത്തെ പ്ലാറ്റ്ഫോമിലൊഴികെ മറ്റെല്ലാ പ്ലാറ്റ്ഫോമുകളിലേയും എസ്കലേറ്റർ സംവിധാനം പ്രവർത്തന രഹിതമാമെന്ന യാത്രക്കാർ ആരോപിച്ചു. ബംഗാളിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ബർദ്ധമാൻ.









0 comments