അമേരിക്കയിലെ അനധികൃത കുടിയേറ്റം
പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : അമേരിക്കയിൽ നിയമവിരുദ്ധമായി കുടിയേറിയതിന് പിടികൂടി പാനമയിലേക്ക് മാറ്റിയ ഇന്ത്യക്കാരിൽ 12പേരെ നാട്ടിലെത്തിച്ചു. പാനമയിൽനിന്ന് ഇസ്താംബുള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിൽ ഞായറാഴ്ച വൈകിട്ടാണ് ഡൽഹിയിലെത്തിച്ചത്. ഇവരിൽ നാല് പേർ പഞ്ചാബിൽ നിന്നും മൂന്നുപേര്‍ വീതം ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. പഞ്ചാബ് സ്വദേശികളെ അമൃത്സറിലേക്ക് മറ്റൊരുവിമാനത്തിൽ അയച്ചു.
ട്രംപ് അധികാരത്തിൽവന്നശേഷം ഫെബ്രുവരി അഞ്ച് മുതൽ മൂന്നു തവണയായി നിരവധി ഇന്ത്യക്കാരെ കൈ കാലുകൾ ബന്ധിച്ച് സൈനിക വിമാനങ്ങളിൽ അമൃത്സറിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കാരുള്‍പ്പെടെ 299 അനധികൃത കുടിയേറ്റക്കാരെ യുഎസ് പാനമയിലേക്ക് നാടുകടത്തി. ഇതിൽ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തെയാണ് ഇപ്പോൾ ഡൽഹിയിൽ എത്തിച്ചത്.
അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കുന്ന യുഎസ് നടപടിക്ക് കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചതുപ്പ് വൃത്തിയാക്കലെന്ന് ട്രംപ്
വാഷിങ്‌ടൺ : അമേരിക്കയിൽനിന്ന് അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി കുടിയിറക്കുന്നത് ചതുപ്പ് വൃത്തിയാക്കി രാജ്യത്ത് ജനങ്ങളുടെ ഭരണം പുനഃസ്ഥാപിക്കാനെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്‌ടണിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കവെയാണ് കുടിയേറ്റ നയം വിശദീകരിച്ചത്. ‘രാജ്യത്തെ നിമവിരുദ്ധ അന്യഗ്രഹ കുറ്റവാളികളിൽനിന്ന് മുക്തമാക്കു’മെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അത് തന്റെ സർക്കാരിന്റെ പ്രധാന നയമാണെന്നും ട്രംപ് പറഞ്ഞു.
കൂട്ടക്കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി 332 ഇന്ത്യക്കാരെയാണ് ഇതുവരെ കൂച്ചുവിലങ്ങിട്ട് സൈനിക വിമാനങ്ങളിൽ തിരികെ അയച്ചത്. 30 ഇന്ത്യക്കാരെ പാനമയിലേക്കും നാടുകടത്തി.









0 comments