വിദ്വേഷ പ്രസംഗം: ജഡ്‌ജിയെ സുപ്രീംകോടതി കൊളീജിയം വിളിച്ചുവരുത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 12:36 AM | 0 min read

ന്യൂഡൽഹി
വിഎച്ച്‌പി വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനെ സുപ്രീംകോടതി കൊളീജിയം വിളിച്ചുവരുത്തും. ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന നേതൃത്വം നൽകുന്ന കൊളീജിയത്തിന്‌ മുമ്പാകെ യാദവ്‌ ചൊവ്വാഴ്‌ച ഹാജരായേക്കും.

 പ്രസംഗത്തെക്കുറിച്ച്‌ യാദവ്‌ വിശദീകരിക്കേണ്ടിവരും. കൊളീജിയം സ്വീകരിക്കുന്ന തീരുമാനം നിർണായകമാകും. വിവാദ ജഡ്‌ജിക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ ഇംമ്പീച്ച്‌മെന്റ്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌.
  ‘ഇത്‌ ഹിന്ദുസ്ഥാനാണ്‌. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടമേ ഇവിടെ നടക്കൂ. അതാണ്‌ നിയമം’ –- തുടങ്ങിയ ആക്രോശങ്ങളും മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അവഹേളന പരാമർശങ്ങളുമാണ്‌ ജഡ്‌ജി നടത്തിയത്‌. വിദ്വേഷപ്രസംഗം വൻ വിവാദമായതോടെ സുപ്രീംകോടതി അലഹബാദ്‌ ഹൈക്കോടതിയോട്‌ വിശദീകരണമാവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ലൈബ്രറിയിലാണ്‌ വിഎച്ച്‌പിയുടെ ലീഗൽ സെൽ വിവാദ പരിപാടിസംഘടിപ്പിച്ചത്‌. ഹൈക്കോടതി കെട്ടിടത്തിനുള്ളിൽ നടന്ന സംഭവം അതീവ ഗൗരവത്തോടെയാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌. തൊട്ടുപിന്നാലെ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ അരുൺ ബൻസാലി റോസ്‌റ്ററിൽ മാറ്റം വരുത്തി. ഇതുപ്രകാരം യാദവിന്‌ 2010വരെ സമർപ്പിക്കപ്പെട്ട അപ്പീലുകൾ മാത്രമാണ്‌ പരിഗണിക്കാനാവുക.
 
  ജഡ്‌ജിക്കെതിരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്‌ കത്തും നൽകി. ജസ്‌റ്റിസ്‌ യാദവ്‌ മുമ്പും വിദ്വേഷപ്രസംഗം നടത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home