ആയുഷ്മാൻ ഭാരത് അധിക ബാധ്യതയാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:05 AM | 0 min read

തിരുവനന്തപുരം > എഴുപതുവയസ്‌ കഴിഞ്ഞ മുഴുവൻ പേർക്കും വരുമാന പരിധി ബാധകമല്ലാതെ സൗജന്യ ചികിത്സ നൽകാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനങ്ങൾക്കുമേൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ പുതിയ പദ്ധതി ആരംഭിച്ച കേന്ദ്രം ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. കേന്ദ്ര ധനസഹായം എത്രയെന്ന് പോലും വ്യക്തമല്ല. സംസ്ഥാനത്തിനുമേൽ കുറഞ്ഞത്‌ 500 കോടിയുടെ അധിക ബാധ്യതയാണ്‌ ഇതുണ്ടാക്കുകയെന്ന്‌ സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസി (എസ്‌എച്ച്‌എ) അധികൃതർ പറയുന്നു.

കേരളം നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതം 75 ശതമാനത്തിൽനിന്ന് 60 ആക്കി കേന്ദ്രം കുറച്ചത് നിലവിൽ അധിക സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുന്നുണ്ട്‌. ഇതിനിടെയാണ്‌ കേന്ദ്രം പുതിയ പദ്ധതിയുമായി വന്നത്‌. സംസ്ഥാനത്ത് ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുന്ന വിഭാഗങ്ങളുടെ വർധന, വർധിച്ച വിനിയോഗം എന്നിവ കൂടുതൽ ചെലവ്‌ വരുത്തുന്നുണ്ട്‌. കുറച്ച കേന്ദ്ര വിഹിതം വർധിപ്പിച്ച് പ്രതിശീർഷ ചെലവ് പുനർനിർണയിക്കുന്നതിലൂടെ മാത്രമേ സംസ്ഥാനത്തിന് പദ്ധതി ബാധ്യത ഇല്ലാതെ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. മതിയായ സാമ്പത്തിക സഹായമില്ലാതെ ഈ കൂട്ടിച്ചേർക്കൽ നടപ്പാക്കുന്നത് പദ്ധതിയുടെ സുസ്ഥിരതയെത്തന്നെ അപകടത്തിലാക്കുമെന്ന്‌ കേരളം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. 

ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായിട്ടും കേരളത്തിന് അനുവദിക്കുന്ന കേന്ദ്ര വിഹിതം വളരെ കുറവാണ്.  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷം 12.5 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 കോടി രൂപയുടെ സൗജന്യ ചികിത്സ കേരളം നൽകി. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം വരുമിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home