മതങ്ങൾ മലിനീകരണത്തെ 
പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:49 AM | 0 min read


ന്യൂഡൽഹി
ഒറ്റ മതവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിൽ ദീപാവലിക്ക്  പടക്കം പൊട്ടിക്കാനുള്ള വിലക്ക്‌  ഫലപ്രദമായി നടപ്പാക്കാത്ത ഡൽഹി പൊലീസിനെ വിമർശിച്ചാണ്‌ സുപ്രീംകോടതി നിരീക്ഷണം. ‘ഭരണഘടനയുടെ 21–-ാം അനുച്ഛേദം പൗരർക്ക്‌ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. പടക്കങ്ങൾ ഇങ്ങനെ പൊട്ടിക്കുന്നത് പൗരരുടെ ആരോഗ്യകരമായ ജീവിതത്തിനുള്ള അവകാശത്തെയും ഹനിക്കും.’–- ജസ്റ്റിസുമാരായ അഭയ്‌ എസ്‌ ഓഖ, അഗസ്റ്റിൻ ജോർജ്‌ മാസിഹ്‌ എന്നിവരുടെ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായതോടെ ദീപാവലിക്ക് പടക്കവിലക്ക്‌ പേരിന്‌ മാത്രമായിരുന്നോയെന്ന്‌ കോടതി സംശയം പ്രകടിപ്പിച്ചു. പടക്കം പൊട്ടിക്കുന്നത്‌ വിലക്കി ഉത്തരവിറക്കാൻ വൈകി. അത്‌ ഫലപ്രദമായി നടപ്പാക്കിയില്ല. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി പ്രത്യേക സെൽ രൂപീകരിക്കാനും ഡൽഹി കമീഷണർക്ക്‌ കോടതി നിർദേശം നൽകി.

ഡൽഹി വായു 
അതീവമോശം
ഡൽഹിയിലെ വായുനിലവാരം തുടർച്ചയായ പന്ത്രണ്ടാം ദിനവും അതീവമോശം വിഭാഗത്തിൽ തുടരുന്നു.  ജഹാംഗിർപുരിയിലാണ്‌ ഏറ്റവും മോശം എക്യൂഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്‌) രേഖപ്പെടുത്തിയത്‌–- 421.  വസീർപുർ 407, അശോക്‌ വിഹാർ 397, ആനന്ദ്‌ വിഹാർ 387 എന്നിങ്ങനെയാണ്‌ വായുനിലവാര സൂചിക.
 



deshabhimani section

Related News

View More
0 comments
Sort by

Home