ശ്വാസംമുട്ടി ഡല്‍ഹി ; ലോകത്തിലെ 
ഏറ്റവും മലിന 
വായുവുള്ള 
നഗരമായി
 ദേശീയ 
തലസ്ഥാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 02:59 AM | 0 min read


ന്യൂഡൽഹി
ദീപാവലിക്ക്‌ വിലക്കുകൾ കാറ്റിൽപ്പറത്തി പടക്കങ്ങൾ പൊട്ടിച്ചതോടെ  ഡൽഹി ലോകത്തെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരമായി. വെള്ളി രാവിലെ ആറിന്‌ സ്വിസ്‌ സ്ഥാപനമായ ഐക്യു എയറിന്റെ കണക്കുകൾ പ്രകാരം വായുനിലവാര സുചിക 351 ആയി. അതീവമോശം സ്ഥിതിയാണിത്.  

കഴിഞ്ഞവർഷം ദീപാവലിക്കുശേഷം വായുനിലവാരം 218 ആയിരുന്നു. സോണിയാവിഹാർ, സിരിഫോർട്ട്‌,  പഞ്ചാബിബാഗ്‌, ആർകെ പുരം, ജഹാംഗിർപുരി, അശോക്‌വിഹാർ എന്നിവിടങ്ങളിൽ വായുഗുണനിലവാര സൂചിക 400ന്‌ അടുത്തെത്തി. പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന, ഉപയോഗം തുടങ്ങിയവയ്‌ക്ക്‌ ഡൽഹി സർക്കാർ ജനുവരി ഒന്ന്‌ വരെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഉത്തർപ്രദേശ്‌, ഹരിയാന അതിർത്തികളിൽ നിന്നും പടക്കങ്ങൾ ഡൽഹിയിലേക്ക്‌ ഒഴുകിയതോടെ ആഘോഷരാവിനുശേഷം ഡൽഹിയുടെ അന്തരീക്ഷത്തിൽ കട്ടിയുള്ള പുകമഞ്ഞ്‌ മൂടി.

വായുനിലവാരം 400 നും മുകളിലേക്ക്‌ പോയാൽ അത്‌ ഗുരുതരാവസ്ഥയായും 450ന്‌ മുകളിൽ പോയാൽ അതീവഗുരുതരവുമായാണ്‌ കണക്കാക്കപ്പെടുന്നത്‌.  അതീവഗുരുതരസാഹചര്യത്തിലേക്ക്‌ ഉയർന്നാൽ കണ്ണിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഗുരുതരരോഗങ്ങൾക്ക്‌ സാധ്യതയുണ്ട്‌.
യമുനാജലത്തിൽ രാസവസ്‌തുക്കളുടെ അളവ്‌ കുതിച്ചുയർന്നത്‌ ജലബോർഡിന്‌ വെല്ലുവിളി ഉയർത്തുന്നു. ഇത്‌ ഡൽഹിയുടെ പല മേഖലകളിലും കടുത്ത ജലക്ഷാമത്തിനും കാരണമാകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home