യുപിയിൽ സിഎസ്ഐആര്‍ നെറ്റിൽ ക്രമക്കേട് ; 23 പേര്‍ക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:27 AM | 0 min read



മീററ്റ്
സിഎസ്ഐആര്‍ നാഷണൽ എലിജിബിലിറ്റി പരീക്ഷയ്ക്കിടെ (സിഎസ്ഐആര്‍ നെറ്റ്) ക്രമക്കേട് നടത്തിയ സ്വകാര്യ സര്‍വകലാശാല ജീവനക്കാരും വിദ്യാര്‍ഥികളും അടക്കം 23 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഏഴുപേരെ അറസ്റ്റുചെയ്തു. സര്‍വകലാശാല ജീവനക്കാര്‍, പരീക്ഷാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. മീററ്റിലെ സുഭാരതി സര്‍വകലാശാലയിലെ പരീക്ഷകേന്ദ്രത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന ഓൺലൈൻ പരീക്ഷയ്ക്കിടെയാണ് തട്ടിപ്പ് നടന്നത്. സര്‍വകലാശാലയിലെ ഐടി മാനേജര്‍ പരീക്ഷാലാബ് നെറ്റ്‍വര്‍ക്കിൽ അനധികൃതമായി പ്രവേശിച്ച് ചോദ്യപേപ്പർ ചോര്‍ത്തി മറ്റൊരാള്‍ക്ക് കൈമാറി. ഇയാള്‍ ഏര്‍പ്പാടാക്കിയ സംഘം  ഉത്തരം കണ്ടെത്തി പണം നൽകിയ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയായിരുന്നു. ഇങ്ങനെ 35 വിദ്യാര്‍ഥികള്‍ക്ക് ഉത്തരം എഴുതാൻ സഹായിച്ചു.

നിയമ വിഭാഗത്തിലെ കമ്പ്യൂട്ടര്‍ ലാബിൽ വെള്ളിയാഴ്ച പൊലീസ്‌ നടത്തിയ റെയ്ഡിൽ തട്ടിപ്പിനുപയോ​ഗിച്ച് ലാപ്ടോപ്പ്, സിപിയു, പെൻഡ്രൈവ്, പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ പിടികൂടി. ഒരു പേപ്പറിന് 50,000 രൂപയാണ് സര്‍വകലാശാലയുടെ ഐടി മാനേജര്‍ വാങ്ങിയത്. സഹായികള്‍ക്ക് 10,000 രൂപ വീതവും. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തി നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ കുംഭകോണം വൻ വിവാദമായതിന്‌ പിന്നാലെയാണ്  സിഎസ്ഐര്‍ നെറ്റിലെ ക്രമക്കേടും പുറത്തായത്‌. ജൂൺ 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ കോളേജ് അധ്യാപക യോ​ഗ്യതാ പരീക്ഷയായ സിഎസ്ഐആര്‍ നെറ്റാണ്‌ ജൂലൈ 25 –- 27 ലേക്ക് മാറ്റിവച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home