പാലക്കാട് ഡിവിഷൻ വിഭജനം കേരളത്തിനെതിരെയുള്ള നീക്കം; തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണം: ജോൺ ബ്രിട്ടാസ് എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 01:22 PM | 0 min read

ന്യൂഡൽഹി > പാലക്കാട് ഡിവിഷൻ വിഭജിച്ച് പുതിയ മാംഗ്ലൂർ ഡിവിഷൻ രൂപീകരിക്കാനുള്ള തീരുമാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി  കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പിലായാൽ പാലക്കാട് ഡിവിഷൻറെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയിൽവേ ഭൂപടത്തിൽ പിന്തളളപ്പെടുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ എണ്ണത്തിലും വരുമാന വർധനയിലുമടക്കം മെച്ചപ്പെട്ട പ്രവർത്തനമാണ് പാലക്കാട് ഡിവിഷൻ കാ‍ഴ്ച വയ്ക്കുന്നത്. പുതിയ മാംഗ്ലൂർ ഡിവിഷൻ രൂപീകരിക്കും എന്നുള്ള റിപ്പോർട്ടുകൾ കേരളത്തിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. നീതികരിക്കാനാകാത്ത നീക്കമാണിത്. ഇക്കൊല്ലം മെയ്മാസം റെയിൽവേ പുറത്തിറക്കിയ പത്രപ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ. പുതിയ പദ്ധതികളില്ലെന്നും പാലക്കാട് ഡിവിഷൻ വിഭജിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കില്ലെന്നതും അടക്കമുള്ള കാര്യങ്ങളാണ് റെയിൽവേയുടെ അന്നത്തെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. പാലക്കാട് ഡിവിഷൻ ‍വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചതു തന്നെ കേരളത്തിന് തിരിച്ചടിയായിരുന്നു. ഭരണപരമായ പുന:സംഘടനയ്ക്കെന്ന പേരിൽ നടക്കുന്ന പുതിയ മാംഗ്ലൂർ ഡിവിഷൻ രൂപീകരണം പാലക്കാട് ഡിവിഷന് എതിരാണ്. ലക്ഷക്കണക്കിന് യാത്രക്കാരെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും.

കേരളത്തോടുള്ള റെയിൽവേയുടെ നിരന്തര അവഗണന തുടരുകയാണ്. പുതിയ ട്രാക്കുകൾ, പുതിയ വന്ദേഭാരത്  അടക്കം കൂടുതൽ ട്രെയിൻ സർവീസുകൾ, സിൽവർ ലൈൻ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ കേരളത്തോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണ്. കേരളം ആസ്ഥാനമാക്കി പുതിയ റെയിൽവേ സോൺ വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിന് നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയും നിരസിക്കപ്പെട്ടു. കേരളം റെയിൽവേയ്ക്ക് നൽകുന്ന വരുമാനത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യവികസനം റെയിൽവേ നടത്തുന്നില്ല.

കേരളത്തിൻറെ ഈ ആശങ്കകൾ പരിഗണിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് അടിയന്തരമായി പിന്മാറാൻ അധികൃതരോട് നിർദേശിക്കണമെന്നും കേരളത്തിന് അർഹമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി കത്തിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home