ad
Deshabhimani

നാല് വര്‍ഷമായി പീഡിപ്പിക്കപ്പെട്ടു; 11കാരി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

newborn baby
വെബ് ഡെസ്ക്

Published on Jul 30, 2026, 02:46 PM | 1 min read

ഹരിയാന: നാല് വര്‍ഷമായി പീഡിപ്പിക്കപ്പെട്ട 11 വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി. ഹരിയാനയിലെ യമുനാനഗർ ജില്ലാ സിവിൽ ആശുപത്രിയിലാണ് പതിനൊന്നു വയസ്സുകാരി ബുധനാഴ്ച ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി അധികൃതർ അറിയിച്ചത്. സാധാരണ പ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


നിലവിൽ അമ്മയും കുഞ്ഞും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്ന് യമുനാനഗർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജതീന്ദർ സിംഗ് അറിയിച്ചു. അതേസമയം നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറാൻ പെൺകുട്ടിയുടെ കുടുംബം സമ്മതം അറിയിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കഴിഞ്ഞ മെയ് മാസത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്കൂളിൽ വെച്ച് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതയും വയറുവേദനയും ഉണ്ടായതിനെത്തുടർന്ന് കുടുംബം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഏഴു മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.


പിന്നാലെ കുടുംബം ഛാഛ്‌രൗലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ഛാഛ്‌രൗലി മേഖലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. 2022 നവംബർ മുതൽ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.


ഈ വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home