ബ്രിജ്‌ഭൂഷണിന് 
കോട്ടതീര്‍ത്ത് മോദി, ഷാ ; അജ്‌മീർ റാലിയിലും മിണ്ടാതെ മോദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 01:16 AM | 0 min read



ന്യൂഡൽഹി
രാജ്യാന്തര കായികവേദികളിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഗുസ്‌തി താരങ്ങളുടെ നീതിക്കായുള്ള പോരാട്ടത്തെ പുച്ഛിച്ചുതള്ളുന്ന ബിജെപിയുടെ ക്രിമിനൽ നേതാവ്‌ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്‌ എല്ലാ സംരക്ഷണവും ഒരുക്കുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുമെന്ന്‌ ആക്ഷേപം. ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന താരങ്ങളുടെ ആവശ്യങ്ങളോട്‌ പൂർണമായും മുഖംതിരിക്കുകയാണ്‌ കേന്ദ്രഭരണം നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. സമരത്തിലുള്ള താരങ്ങൾ ഒളിമ്പിക്‌സ്‌ അടക്കമുള്ള കായികവേദികളിൽ മെഡൽ ജേതാക്കളായി എത്തിയപ്പോൾ അഭിനന്ദിക്കാൻ മുന്നിൽ മോദിയും ഷായുമുണ്ടായിരുന്നു.

യുപിയിൽനിന്നുള്ള ക്രിമിനൽ നേതാവായ ബ്രിജ്‌ഭൂഷൺ മോദിക്കും ഷായ്‌ക്കും ഒരുപോലെ പ്രിയങ്കരനാണ്‌. യുപിയിലെ പൂർവാഞ്ചൽ മേഖലയുടെ വടക്കൻ പ്രദേശങ്ങളിൽ ബ്രിജ്‌ഭൂഷണിനുള്ള സ്വാധീനമാണ്‌ കാരണം. ഈ മേഖലയിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അപ്രതീക്ഷിത തിരിച്ചടിയേറ്റു. നാല്‌ സിറ്റിങ്‌ സീറ്റ്‌ നഷ്ടമായി. അപ്പോഴും ബ്രിജ്‌ഭൂഷണിന്റെ സ്വാധീനമേഖലയിലെ ആറ്‌ സീറ്റിൽ ശ്രാവസ്‌തി ഒഴികെ മറ്റ്‌ അഞ്ചെണ്ണവും ബിജെപിക്കൊപ്പം നിന്നു. ബ്രിജ്‌ഭൂഷണിനെ പിണക്കുന്നത്‌ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂർവാഞ്ചലിൽ തിരിച്ചടിക്ക്‌ കാരണമാകുമെന്ന ആശങ്കയുണ്ട്‌.

ബ്രിജ്‌ഭൂഷണിനോട്‌ അമിത്‌ ഷായ്‌ക്കുള്ള താൽപ്പര്യത്തിന്‌ മറ്റുചില കാരണങ്ങളുമുണ്ട്‌. ബിജെപിയിൽ മോദിയുടെ പിൻഗാമിയാകാൻ താൽപ്പര്യപ്പെടുന്ന അമിത്‌ ഷായ്‌ക്ക്‌ പ്രധാന വെല്ലുവിളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്‌. ആദിത്യനാഥിനെ ഒതുക്കാനുള്ള വടിയായാണ്‌ ബ്രിജ്‌ഭൂഷണിനെ ഷാ പരിഗണിക്കുന്നത്‌. ആദിത്യനാഥ്‌ സർക്കാരിനെതിരായി പല വിമർശങ്ങളും ബ്രിജ്‌ഭൂഷൺ ഉയർത്തിയിരുന്നു. ആദിത്യനാഥിനെപ്പോലെ ഠാക്കൂർ വിഭാഗക്കാരനും പൂർവാഞ്ചലുകാരനുമാണ്‌  ബ്രിജ്‌ഭൂഷണും.

‘മെഡൽ ഗംഗയിൽ ഒഴുക്കിയാൽ എന്നെ തൂക്കിക്കൊല്ലില്ല ’
സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ വീണ്ടും അധിക്ഷേപിച്ച്‌ പോക്‌സോ കേസ്‌ പ്രതിയും ബിജെപി എംപിയുമായ ബ്രിജ്‌ ഭൂഷൺ. തന്നെ തൂക്കിക്കൊല്ലാൻ നാലുമാസമായി അവർ നടക്കുന്നു. മെഡൽ ഒഴുക്കിക്കളയാൻ അവർ ഗംഗയിൽ പോയി. മെഡലുകൾ ഒഴുക്കിയാൽ നീതി ലഭിക്കുകയോ തന്നെ തൂക്കിലേറ്റുകയോ ചെയ്യില്ലെന്ന്‌ യുപി ബരാബങ്കിയിൽ ഒരു പരിപാടിക്കിടെ ബ്രിജ്‌ ഭൂഷൺ പറഞ്ഞു. സമരത്തെ വൈകാരിക നാടകമാണെന്ന് ആക്ഷേപിച്ച  ബ്രിജ് ഭൂഷന്‍ പീഡിപ്പിച്ചതിന്റെ തെളിവ്‌ കാണിക്കാനും ആവശ്യപ്പെട്ടു.

അജ്‌മീർ റാലിയിലും മിണ്ടാതെ മോദി
മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന രാജസ്ഥാനിലെ അജ്‌മീറിൽ ബുധനാഴ്‌ച റാലിയിൽ സംസാരിച്ചപ്പോഴും ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ കാലത്തെ ഭരണപരാജയങ്ങളെക്കുറിച്ച്‌ എണ്ണിയെണ്ണിപ്പറഞ്ഞ മോദി, ഒളിമ്പിക്‌ മെഡലടക്കം ഉപേക്ഷിക്കുമെന്ന ദയനീയ സാഹചര്യത്തിലേക്ക്‌ ഇന്ത്യയുടെ അഭിമാനതാരങ്ങൾ തള്ളപ്പെട്ടതിനെക്കുറിച്ച്‌ നിശ്ശബ്ദത പാലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട്‌ ബ്രിജ്‌ ഭൂഷണെ ഗുസ്‌തി ഫെഡറേഷൻ തലപ്പത്തുനിന്ന്‌ നീക്കുന്നില്ലെന്ന വിശദീകരണവും പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല.

താരങ്ങൾക്ക്‌ പിന്തുണയുമായി ബിജെപി എംപി
സമരത്തോട്‌ കേന്ദ്രസർക്കാരും ബിജെപിയും മൗനം പുലർത്തവേ ഹരിയാന ഹിസാറിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം ബ്രിജേന്ദ്ര സിങ്‌ താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. സമരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയ ഏക ബിജെപി എംപിയാണ്‌ ബ്രിജേന്ദ്ര. ഗംഗയിൽ മെഡലുകൾ ഒഴുക്കാൻ താരങ്ങളെടുത്ത തീരുമാനം ഹൃദയ ഭേദകമാണ്‌. അവരുടെ വേദനയും നിസ്സഹായതയും മനസ്സിലാകുമെന്നും ബ്രിജേന്ദ്ര സിങ്‌ ട്വീറ്റ്‌ ചെയ്‌തു. ജനുവരിയിലെ ആദ്യ സമരത്തിൽത്തന്നെ വിഷയം പരിഹരിക്കാമായിരുന്നെന്നും പിന്നീട്‌ മാധ്യമങ്ങളോട്‌ സിങ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home