100 കോടിയുടെ ഫ്ലാറ്റ് സമുച്ചയം ഷാനിമോൾ മകളുടെയും മരുമകന്റെയും പേരിലാക്കി; തട്ടിപ്പിന് കർണാടക സർക്കാരും സഹായിച്ചെന്ന് പരാതി

ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരെ പ്രവാസികൾ നൽകിയത് ഗുരുതര പരാതി. വിദേശത്തുപോയി കഷ്‌ടപ്പെട്ട് സമ്പാദിച്ച തുക വിനിയോഗിച്ച് നിർമിച്ച, 100 കോടി വിലമതിക്കുന്ന ഹോട്ടൽ ക്രൗൺ പ്ലാസ ഫ്ലാറ്റ് സമുച്ചയമാണ് മകളുടെയും മരുമകന്റെയും പേരിൽ ഷാനിമോൾ കൈവശപ്പെടുത്തിയത്. തട്ടിപ്പിനിരയാക്കപ്പെട്ട പ്രവാസികൾ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്ക് പരാതി നൽകി.
നാട്ടിലെത്തുമ്പോൾ സ്ഥിരമായ മാസവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം പ്രവാസികൾ പദ്ധതിയിൽ തുക നിക്ഷേപിച്ചത്. 215 സർവീസ് അപ്പാർട്‌മെന്റുകളിൽ 20 എണ്ണമാണ് തട്ടിയെടുത്തത്. 1,25,000 രൂപ പ്രതിമാസം നൽകാമെന്ന് സമ്മതിച്ചാണ് അപ്പാർട്‌മെന്റ് നടത്തിപ്പിനുള്ള കരാർ എഴുതിയത്. കാലാവധി കഴിഞ്ഞിട്ടും വിട്ടുനൽകിയില്ല. വാടകത്തുകയും നൽകില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി സീക്ക് ഹോട്ടൽസ് എന്ന ബോർഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒപ്പിച്ചെടുത്തു. മറ്റ് അപ്പാർട്‌മെന്റുകളിലേക്ക് കയറാൻ ഉടമസ്ഥരെ അനുവദിക്കുന്നില്ല. ഗുണ്ടാസംഘത്തെ ഉപയോഗിച്ചും രാഷ്‌ട്രീയ സ്വാധീനത്താലും ഭീഷണിപ്പെടുത്തുന്നു. ഗുണ്ടായിസം കാണിച്ച് ഷാനിമോൾ ഇവരെ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സഹായത്തോടെയാണ് തട്ടിപ്പെന്നും ഇരയായ മലയാളി പ്രവാസികൾക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കണമെന്നും അഭ്യർഥിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രതിപക്ഷനേതാവിനെ നേരിൽ കണ്ട് പരാതിയറിയിച്ചു. ഫ്ലാറ്റ് ഉടമകളായ ജോസഫ് ചാക്കോ, ജോയി പ്രസാദ്, ഡി മാനുവേൽ, അഡ്വ. കെ സി ഫിലിപ്പ് എന്നിവർ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ഷാനിമോളുടെ ഫ്ലാറ്റ് തട്ടിപ്പ് വിവരം പുറത്തുവിട്ടതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.










0 comments