യുപിയിൽ രാവിലെ നടക്കാനിറങ്ങിയ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഭൂമിതർക്കമെന്ന് സംശയം

പ്രതീകാത്മകചിത്രം
ഇറ്റ : ഉത്തർപ്രദേശിലെ ഇറ്റയിൽ പ്രഭാത നടത്തത്തിനിടെ യുവതിയെ വെടിവച്ചുവീഴ്ത്തി. ഭൂമിതർക്കത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ 40 വയസുകാരിയെയാണ് അജ്ഞാതർ വെടിവച്ചത്. ദഹേലിയ പൂത്ത് ഗ്രാമത്തിലെ വില്ലേജ് സെക്രട്ടേറിയറ്റിന് സമീപം പുലർച്ചെ 5.10 നാണ് സംഭവം. ഇറ്റ സ്വദേശിയായ സാധന മിശ്രയ്ക്കാണ് വെടിയേറ്റത്. പതിവ് പ്രഭാത നടത്തത്തിനായി പുറത്തിറങ്ങിയപ്പോൾ ഒരു വാഹനം അവരുടെ അടുത്ത് നിർത്തി നിരവധി പേർ അവരെ പിന്തുടരാൻ തുടങ്ങിയതായി പൊലീസ് പറയുന്നു. ഇതിൽ ഒരാളാണ് വെടിവച്ചത്.
എമർജൻസി ഹെൽപ്പ് ലൈൻ വഴി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ അലിഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ഗുരുതമായി പരിക്കേറ്റ സാധന ചികിത്സയിലാണ്. അക്രമികളിൽ രണ്ടുപേരെ സാധന തിരിച്ചറിഞ്ഞതായും ബല്ലു, ഗുൽബഹാർ എന്നിവരാണ് ആക്രമിച്ചതെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു. സാധനയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നും നില ഗുരുതരമായതിനാൽ പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ ഡോ. ശക്തി മീണ പറഞ്ഞു.
പൊലീസ്, ഫോറൻസിക് സംഘങ്ങൾ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി ജസ്രത്ത്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് സിംഗ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടതാണ് സംഭവമെന്ന് കണ്ടെത്തി. ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.









0 comments