print edition അഖ്‍ലാഖിന്റെ ജീവന് പുല്ലുവില; കേസ് പിൻവലിക്കാന്‍ യുപി

ലഖ്നൗ: മോദി അധികാരമേറ്റതിനുപിന്നാലെ 2015ൽ ദാദ്രിയിൽ ബീഫിന്റെ പേരിൽ മുഹമ്മദ് അഖ്‍ലാഖിനെ വീട്ടിൽക്കയറി തല്ലിക്കൊന്ന കേസ് പിൻവലിക്കാൻ യുപിബിജെപി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിചാരണനടപടികള്‍ക്കിടെയാണ് ബിജെപി നേതാവിന്റെ മകനടക്കമുള്ള പ്രതികള്‍ക്കെതിരായ കേസ് പിൻവലിക്കുന്നത്. തീരുമാനത്തെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു.
കൊലപാതകമടക്കം എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ ഗൗതംബുദ്ധനഗര്‍ അഡീഷണൽ ജില്ലാ ഗവൺമെന്റ് കോൺസല്‍ ഭാഗ് സിങ് ഭാട്ടി ഒക്‌ടോബര്‍ 15ന് വിചാരണക്കോടതിയിൽ സമര്‍പ്പിച്ചു. ആഗസ്ത് 26നാണ് തീരുമാനം ബിജെപി സര്‍ക്കാര്‍ കോണ്‍സലിനെ അറിയിച്ചത്. ഗവര്‍ണര്‍ കേസ് പിൻവലിക്കാൻ അനുമതി നൽകിയെന്നും അഖ്‍ലാഖിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് ബീഫാണെന്ന് സര്‍ക്കാര്‍ ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചെന്ന ആദിത്യനാഥ് സര്‍ക്കാര്‍ നിലപാടും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കോടതി കേസ് ഡിസംബര്‍ 12ന് കേള്‍ക്കും. നിലവിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള ഒന്നാം സാക്ഷിയായ അഖ്‍ലാഖിന്റെ മകളുടെ മൊഴി രേഖപ്പെടുത്തലാണ് നടക്കുന്നത്. ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാല്‍ റാണയടക്കമുള്ള 15 പ്രതികളും ജാമ്യത്തിലിറങ്ങി.
2015 സെപ്തംബര്‍ 28ന് യുപി ദാദ്രിയിലെ ബിസാഹദ ഗ്രാമത്തിലാണ് സംഭവം. പശുവിനെ അറുത്ത് മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷണിയിലൂടെ വിളിച്ചുപറഞ്ഞ് ആളെക്കൂട്ടിയാണ് ഹിന്ദുത്വതീവ്രവാദികള്‍ അഖ്‍ലാഖിനെ വീട്ടില്‍നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നത്. മകൻ ഡാനിഷിനും ഗുരുതരപരിക്കേറ്റു. 2017 സെപ്തംബറിൽ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുപിന്നാലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു.
വിഷയം ദേശീയതലത്തിൽ വൻചര്‍ച്ചയായെങ്കിലും പശുവിന്റെ പേരിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. വീട്ടിൽനിന്ന് കണ്ടെത്തിയ മാംസം പശുവിന്റേതാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞെന്നാണ് യുപി സര്‍ക്കാര്‍ വാദം. ആട്ടിറച്ചിയാണ് വീട്ടിലുണ്ടായിരുന്നതെന്നും മാംസ സാമ്പിളിൽ തിരിമറി നടന്നെന്നും കുടുംബം അറിയിച്ചു.










0 comments