ദുലീപ് ട്രോഫി ഫൈനൽ; ആധിപത്യം ഉറപ്പിച്ച് കിഴക്കൻ മേഖല

ചെന്നൈ : ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണ മേഖലക്കെതിരെ വ്യക്തമായ ആധിപത്യം തുടരുകയാണ് കിഴക്കൻ മേഖല. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ 270 റൺസിന്റെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 708 റൺസെടുത്ത് കിഴക്കൻ മേഖല ദക്ഷിണ മേഖലയെ കടുത്ത സമ്മർദത്തിലാക്കി. രണ്ടാം ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് തുടരുകയാണ് കിഴക്കൻ മേഖല. നാലാം ദിനം അവസാനിക്കുമ്പോൾ കിഴക്കൻ മേഖല 5 വിക്കറ്റിൽ 212 റൺസെടുത്ത് ലീഡ് 584 ആയി ഉയർത്തി.
കിഴക്കൻ മേഖലയുടെ 708 റൺസിന് മറുപടിയായി ദക്ഷിണ മേഖലക്ക് 336 റൺസ് മാത്രമാണ് നേടാനായത്. മറുപടി ഇന്നിംഗ്സിൽ തിലക് വർമ 99 റൺസിന് പുറത്തായത് ടീമിന് തിരിച്ചടിയായി. കുമാർ കുശാഗ്രയുടെയും ഇഷാൻ കിഷന്റെയും മികച്ച പ്രകടനമാണ് കിഴക്കൻ മേഖലയെ റൺസ് ഉയർത്താൻ സഹായിച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായ കുശാഗ്ര 132 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറുമടക്കം 101 റൺസാണ് കിഴക്കൻ മേഖലക്ക് വേണ്ടി നേടിയത്. ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറിക്കൊപ്പം കുശാഗ്രയുടെ സെഞ്ചുറി കൂടി ചേർന്നതോടെ ദക്ഷിണ മേഖലയുടെ സ്കോർ 708ൽ എത്തി.
ദുലീപ് ട്രോഫി ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം സ്കോറാണിത്. ഫൈനലിൽ ദക്ഷിണ മേഖലക്കെതിരെ മേൽക്കൈ തുടരുകയാണ് കിഴക്കൻ മേഖല. 14 വർഷത്തിന് ശേഷമാണ് കിഴക്കൻ മേഖല ദുലീപ് ട്രോഫി ഫൈനലിലെത്തുന്നത്. ലീഡ് നില കണക്കിലെടുത്താൽ കിഴക്കൻ മേഖല കിരീടത്തിനടുത്താണ്. മത്സരം സമനിലയിൽ അവസാനിച്ചാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ കിഴക്കൻ മേഖലക്ക് കിരീടമുയർത്താം.









0 comments