ഡൽഹിയിൽ ടാക്സി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി കാഞ്ചവാലയിൽ ടാക്സി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്റ്റിലായി. കരാലയിലെ ഉത്സവ് വിഹാറിൽ താമസിക്കുന്ന വികാസ് ശർമ്മ (36)യാണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വികാസിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ശർമ്മയുടെ കാറിൽ നിന്നും പഴ്‌സും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാളുടേതെന്ന് കരുതുന്ന ഒരു ചെരിപ്പും സ്ഥലത്തുനിന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. വികാസിന്റെ വാഹനം പ്രതികളിൽ ഒരാളുടെ വാഹനത്തിൽ ഇടിച്ചതിനെ തുടർന്നുള്ള തർക്കത്തിലാണ് കൊല നടന്നതെന്ന് പ്രതികൾ മൊഴി നൽകി.











0 comments