ad
Deshabhimani

ത്രിപുര വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പ്; ബിജെപിയും ത്രിപ്ര മോത്തയും നേര്‍ക്കുനേര്‍, 1,169 സീറ്റുകളിൽ എതിരില്ല

tripura
വെബ് ഡെസ്ക്

Published on Sep 10, 2026, 12:50 PM | 2 min read

അഗര്‍ത്തല: ത്രിപുരയിലെ ഗോത്രവര്‍ഗ മേഖലാ സ്വയംഭരണ ജില്ലാ കൗൺസിന് കീഴിലുള്ള വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ സെപ്തംബര്‍ 28 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി പിന്നിട്ടപ്പോൾ മൂന്നിലൊന്ന് സീറ്റുകളിലും എതിരില്ല. 1,169 സീറ്റുകളിൽ വോട്ടെടുപ്പ് ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതിൽ ഭൂരിപക്ഷവും പ്രദ്യോത് വിക്രം മാണിക്യ ദെബ്ബർമ്മയുടെ നേതൃത്വത്തിലുള്ള ത്രിപ്ര മോത്ത പാര്‍ടിയിൽ നിന്നുള്ളവരാണ്. ബിജെപി, തിപ്രമോത്ത, ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) പാര്‍ടികൾ സംസ്ഥാന ഭരണത്തിൽ ഒരു മുന്നണിയിൽ തുടരുമ്പോഴും വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സഖ്യം പിളര്‍ന്നു. ഏപ്രിലിൽ നടന്ന ഗോത്ര വര്‍ഗ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലും സമാന സാഹചര്യമായിരുന്നു.


ത്രിപ്ര മോത്ത കഴിഞ്ഞാൽ ഏറ്റവും അധികം സ്ഥാനാര്‍ഥികൾ മത്സര രംഗത്തുള്ളത് സിപിഐ എമ്മിൽ നിന്നാണ്. ത്രിപ്ര മോത്ത 4,390 സീറ്റിലും സിപിഐ എം 2,484 സീറ്റിലും മത്സരിക്കുന്നു. ഗോത്ര മേഖലയിൽ ഏറ്റവും അധികം സ്വാധീനമുള്ളത് ഈ രണ്ട് പാര്‍ടികൾക്കുമാണ്. അതേ സമയം ബിജെപി 1974 സീറ്റിലാണ് നാമനിര്‍ദ്ദേശ പത്രിക നൽകിയത്. കോൺഗ്രസ് 466 സീറ്റിലും. സ്വതന്ത്രരായി 1151 പേരും മത്സര രംഗത്തുണ്ട്.


ത്രിപ്ര മോത്തയുടെ അകൽച്ച

ഗോത്രമേഖലയിലെ തിരിച്ചറിവ്


പ്രദ്യോത് വിക്രം മാണിക്യ ദെബ്ബർമ്മയുടെ നേതൃത്വത്തിലുള്ള ത്രിപ്ര മോത്ത പാര്‍ടി 2024 മാര്‍ച്ചിലാണ് എൻഡിഎ മുന്നണിയുടെ ഭാഗമായത്. ഗോത്രമേഖലയിലെ വൻ സ്വാധീനം തിരിച്ചറിഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത പിടിച്ചടക്കൽ നീക്കം വഴിയായിരുന്നു ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, തിപ്ര മോത്ത തലവൻ പ്രദ്യോത് ദെബ്ബർമ്മ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. പാര്‍ടിയിലെ അനിമേഷ് ദെബ്ബർമ്മ, ബ്രിഷകേതു ദെബ്ബർമ്മ എന്നിവര്‍ ഇതോടെ പ്രതിപക്ഷ സ്ഥാനം വിട്ട് മന്ത്രി സ്ഥാനത്തെത്തി.


എന്നാൽ വില്ലേജ് തെരഞ്ഞെടുപ്പിൽ ഐക്യവും കരാറും ബാധകമായില്ല. പലയിടങ്ങളിലും ഇരു പാര്‍ടികളിലെയും പ്രവര്‍ത്തകര്‍ പരസ്പരം ആക്രമിച്ചതായുള്ള വാര്‍ത്തകളും ഉണ്ടായി. ഗോത്ര വര്‍ഗ താത്പര്യങ്ങൾക്ക് വിരുദ്ധമായി ബിജെപി സംഘ രാഷ്ട്രീയ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് അകൽച്ച തുടങ്ങിയത്.


കൂടുതൽ സ്വയം ഭരണ അവകാശങ്ങൾ കരാറിൽ അംഗീകരിച്ചു എങ്കിലും പ്രാവര്‍ത്തികമാക്കാതെ വഞ്ചിച്ചു. ഗോത്രവര്‍ഗ കൗൺസിലിന് (TTAADC) കൂടുതൽ സാമ്പത്തിക അധികാരങ്ങളും ഭരണപരമായ സ്വാതന്ത്ര്യവും ഭൂമിപതിച്ച് നൽകുന്നതിൽ വരെ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തിരുന്നു. എങ്കിലും നടപ്പായില്ല.


മാത്രമല്ല രാഷ്ട്രീയമായും ഗോത്രവര്‍ഗ താത്പര്യങ്ങളെ അകത്തു നിന്നും തകര്‍ക്കാൻ ശ്രമിച്ചു. തങ്ങളുടെ സ്വന്തമായ കൊക്ബൊറോക് ഭാഷയ്ക്ക് റോമൻ (English) ലിപി തുടരാൻ അനുവദിക്കണമെന്ന ആവശ്യത്തെ ബിജെപി അട്ടിമറിക്കാൻ ശ്രമിച്ചു. ദേവനാഗരി ലിപി ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ശാഠ്യം പിടിച്ചു. പൗരത്വ ഭേദഗതി നിയമത്തോട് (CAA) കടുത്ത എതിര്‍പ്പ് പുലര്‍ത്തിയിരുന്ന പാര്‍ടിയാണ് ത്രിപ്ര മോത്ത.


ഗ്രേറ്റര്‍ ത്രിപ്ര ലാൻഡ്, പുറത്തു നിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാൻ ഇന്നര്‍ ലൈൻ പെര്‍മിറ്റ്, എന്നിവയും അവകാശമായി പ്രഖ്യാപിച്ചിരുന്ന പാര്‍ടിയാണ്. ഗോത്ര വര്‍ഗങ്ങളെ സംഘപരിവാര്‍ ആശങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ അണികളിൽ നിന്നുള്ള ചെറുത്തു നിൽപാണ് അകൽച്ച വര്‍ധിപ്പിച്ചത്. എന്നാൽ സംസ്ഥാന ഭരണത്തിൽ ഒപ്പം തുടരുന്ന നയമാണ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.


ഈ വര്‍ഷം ഏപ്രിലിൽ നടന്ന ത്രിപുര ഗോത്രവർഗ്ഗ മേഖല സ്വയംഭരണ ജില്ലാ കൗൺസിൽ (TTAADC) തെരഞ്ഞെടുപ്പിലും തിപ്ര മോത്ത പാർട്ടി (TMP) തനിച്ചാണ് മത്സരിച്ചത്. 28 ൽ 24 സീറ്റുകളും അവര്‍ സ്വന്തമാക്കി. 2021 ൽ ഇവര്‍ക്ക് 18 സീറ്റുകൾ മാത്രമായിരുന്നു.












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home