തൃക്കാക്കര മോർഫിങ് കേസ്: പ്രീമിയം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം, അംഗങ്ങൾ 11 പേർ

മോർഫിങ് കേസിൽ അറസ്റ്റിലായ സനീഷ്
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കാനായി പ്രീമിയം ഗ്രൂപ്പ് തുടങ്ങിയിട്ട് നാല്മാസമെന്ന് രണ്ടാം പ്രതി സനീഷിന്റെ മൊഴി. 11 പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. വ്യക്തി വിവരങ്ങൾ രഹസ്യമാക്കിയാണ് ഇവർ ഗ്രൂപ്പിൽ അംഗമായത്. നിരവധി അശ്ലീല ചിത്രങ്ങൾ പ്രീമിയം ഗ്രൂപ്പിൽ സനീഷ് പങ്കുവച്ചെന്ന് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ് ചെയ്‌ത് അശ്ലീല വീഡിയോ നിർമിച്ചെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി, ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്‌ആർഡി കോളേജ് വിദ്യാർഥി സനീഷ് എന്നിവരാണ് അറസ്റ്റിലായിരുന്നു.
ശ്രീഹരി ഉൾപ്പെടെയുള്ളവർ അംഗമായ അശ്ലീല വീഡിയോ റാക്കറ്റിനെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. പ്രീമിയം പെയ്‌ഡ് ഗ്രൂപ്പുൾപ്പെടെ രൂപീകരിച്ചാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് സനീഷിന്റെ മൊഴിയിൽ നിന്നും വ്യക്തമായി. ക്യാമ്പസുകളിൽനിന്നുൾപ്പെടെ പകർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്‌ത് അശ്ലീല വീഡിയോയാക്കും. തുടർന്ന് നിരവധിപേർ അംഗങ്ങളായ പ്രൊമോഷൻ ഗ്രൂപ്പിലിടും. അസൽ ചിത്രങ്ങളും കൂട്ടത്തിലുണ്ടാകും. കൂടുതൽ അശ്ലീല ഉള്ളടക്കം അടങ്ങിയ വീഡിയോ മറ്റൊരു പെയ്‌ഡ് പ്രീമിയം ഗ്രൂപ്പിലുണ്ടെന്നും പണം തന്നാൽ ആവശ്യക്കാർക്ക് നൽകാമെന്നും അറിയിക്കും. പണം നൽകി ഗ്രൂപ്പിൽ അംഗമായാൽ ഇത്തരം വീഡിയോകൾ കൈമാറുന്നവിധത്തിലായിരുന്നു പ്രവർത്തനം.
മല്ലുപ്രീമിയം എന്നുൾപ്പെടെ വിവിധ പേരുകളിലുള്ള ഗ്രൂപ്പുകൾ റാക്കറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്നു. 250, 500 എന്നിങ്ങനെ വിവിധ തരത്തിലുള്ള നിരക്കുകളാണ് അംഗത്വമെടുക്കുന്നവരിൽനിന്ന് ഇൗടാക്കിയിരുന്നത്. ക്യുആർ കോഡ് ഉൾപ്പെടെ സനീഷ് അയച്ച് നൽകും. ഇതുവഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്.
ഇത്തരത്തിലുള്ള പെയ്‌ഡ് ഗ്രൂപ്പുകളിൽ 15 മുതൽ 20 പേർവരെയുണ്ട്. പ്രൊമോഷൻ ഗ്രൂപ്പിൽ 1500 പേർവരെയും. മോർഫ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ച് കൂടുതൽപേരെ പെയ്‌ഡ് ഗ്രൂപ്പിൽ എത്തിക്കാനാണ് പ്രൊമോഷൻ ഗ്രൂപ്പ്. പരസ്യം നൽകുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവർത്തനം. പെയ്‌ഡ്, പ്രൊമോഷൻ വിഭാഗങ്ങളിലായി ചെറുതും വലുതുമായ നിരവധി ഗ്രൂപ്പുകളുണ്ടെന്ന് അന്വേഷകസംഘം കണ്ടെത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീഹരിയും സനീഷും ബന്ധപ്പെട്ടത്. നേരിട്ട് പരിചയമില്ലെന്നാണ് നിഗമനം. രണ്ടുപേർ പിടിയിലായതോടെ പലഗ്രൂപ്പുകളും അപ്രത്യക്ഷമായിട്ടുണ്ട്. സൈബർ വിദഗ്‌ധരുടെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയാണ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.









0 comments