മഴ മുന്നറിയിപ്പുണ്ട്, മഴയെത്തിയില്ല; സംസ്ഥാനത്ത് ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ നിരന്തരം ലഭിക്കുന്നുണ്ടെങ്കിലും മഴയെത്തുന്നില്ല. ഇതോടെ അന്തരീക്ഷ താപനിലയിൽ വലിയ വർധനയുണ്ടായി. കേരളത്തിൽ ഇന്നും കനത്ത ചൂട് തുടരുകയാണ്. ഒറ്റപ്പെട്ടയടങ്ങളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
ജാഗ്രതാ നിർദേശങ്ങൾ
പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു.
ഇതിന്റെ ഫലമായി കേരളത്തിൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments